ന്യൂദൽഹി- എസ്.എൻ.സി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം.സുധീരൻ സുപ്രീംകോടതിയിൽ ഹരജി നൽകി. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് സുധീരന്റെ ഹരജിയിൽ പറയുന്നു. ഇതിനിടെ, കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ഇ.ബി മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ കെ.ജി. രാജശേഖരനും അപ്പീൽ നൽകി. ലാവ്‌ലിൻ കേസിൽ ഹൈക്കോടതിയിൽ കക്ഷി അല്ലാതിരുന്ന സുധീരൻ കേസിൽ കക്ഷിചേരാനുള്ള അപേക്ഷയും പ്രത്യേക അനുമതി ഹരജിയുമാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. അഴിമതി കേസുകളിൽ വിചാരണ ഇല്ലാതെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുധീരന്റെ ഹരജിയിലുണ്ട്.
അതേസമയം, കേസിൽ കെ.എസ്.ഇ.ബി മുൻ ചെയർമാൻ ആർ.ശിവദാസൻ, ഉദ്യോഗസ്ഥനായ കസ്തൂരിരംഗ അയ്യർ എന്നിവർക്കൊപ്പം വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെയാണ് കെ.ജി. രാജശേഖരൻ അപ്പീൽ നൽകിയത്. കേസിൽ പ്രതികളായ പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ, ഒരേ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ പരിഗണിച്ച കേസിലെ പ്രതികളോട് ഹൈക്കോടതിക്ക് വ്യത്യസ്ത നിലപാട് സ്വീകരിക്കാനാവില്ലെന്നാണ് രാജശേഖരന്റെ അപ്പീലിലെ വാദം. ലാവ്‌ലിൻ കരാറിനായി അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയൻ, കെ.മോഹനചന്ദ്രൻ എന്നിവർക്കൊപ്പമാണ് താൻ 1996ൽ കാനഡ സന്ദർശിച്ചത്. സംഘത്തിന് നേതൃത്വം നൽകിയിരുന്ന പിണറായി വിജയന്റെയും മോഹനചന്ദ്രന്റെയും നിർദ്ദേശങ്ങൾ കീഴ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും രാജശേഖരന്റെ അപ്പീലിലുണ്ട്. ഈ സന്ദർശനത്തിന്റെ തുടർച്ചയായിട്ടാണ് 1997 ഫെബ്രുവരി 10ന് കരാർ ഒപ്പുവെച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരെ ആർ. ശിവദാസനും കസ്തൂരിരംഗ അയ്യരും നേരത്തെ അപ്പീലുകൾ ഫയൽ ചെയ്തിരുന്നു. ഇത് പരിഗണിക്കുന്നത് കോടതി ജനുവരി 12ലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കഴിഞ്ഞദിവസം അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.