ന്യൂദൽഹി- ഒരു മാസമായി ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടർ ആത്മഹത്യ ചെയ്തു. 36 കാരനായ ഡോ. വിവേക് റായിയാണ് ജീവനൊടുക്കിയത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്‍ മേധാവി ഡോ. രവി വാംഖഡേക്കറാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ സമ്മർദ്ദം താങ്ങാനാവാതെയാണ് ഡോക്ടറുടെ മരണമെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. ഭാര്യ രണ്ട് മാസം ഗർഭിണിയായിരിക്കെയാണ് ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശിയായ വിവേക് ജീവന്‍ വെടിഞ്ഞത്.
സമർഥനായ ഡോക്ടറായിരുന്നു അദ്ദേഹം. പകർച്ചവ്യാധിയുടെ സമയത്ത് നൂറുകണക്കിന് ജീവൻ രക്ഷിക്കാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് വാംഖഡേക്കർ ട്വീറ്റിൽ പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥിലുള്ള എട്ട് കോവിഡ് രോഗികളെയാണ് ദിവസവും വിവേക് ചകിത്സിച്ചിരുന്നത്. രോഗികൾ തുടർച്ചയായി മരണപ്പെടുന്നത് അദ്ദേഹത്തെ വിഷാദത്തിലേക്ക് തള്ളിയിട്ടിരുന്നതായും റിപ്പോർട്ടുകളില്‍ പറയുന്നു.
കോവിഡ് കൈകാര്യം ചെയ്യുന്നവർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളിലേക്കാണ് ഡോക്ടറുടെ ആത്മഹത്യ ശ്രദ്ധ ക്ഷണിക്കുന്നതെന്നും യുവ ഡോക്ടറുടെ മരണം ഇവിടെയുള്ള സംവിധാനം നടത്തിയ കൊലപാതകമല്ലാതെ മറ്റൊന്നല്ലെന്നും മുൻ െഎ.എം.എ മേധാവി ട്വിറ്ററിൽ ആരോപിച്ചു.