ന്യൂദല്‍ഹി-എന്തു ചെയ്തിട്ടായാലും ദല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിഹിതം ഇന്ന് തന്നെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ദല്‍ഹിക്ക് അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇന്നു തന്നെ നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇല്ലങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
വെള്ളം നമ്മുടെ തലയ്ക്ക് മുകളിലെത്തി. ഇനിയെങ്കിലും മതിയാക്കാം. നിങ്ങളാണ് ഓക്‌സിജന്‍ വിഹിതം അനുവദിച്ചത്. അത് ചെയ്ത് കൊടുക്കണം. എട്ട് ജീവനുകള്‍ നഷ്ടപ്പെട്ടു. ഇതിന് നേരെ കണ്ണടയ്ക്കാന്‍ ഞങ്ങള്‍ക്കാവില്ല. കോടതി പറഞ്ഞു. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ എട്ട് രോഗികള്‍ മരിച്ചുവെന്നറിഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
ജസ്റ്റിസ് വിപിന്‍ സാംഗിയും രേഖ പിള്ളയുമടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ ചൂണ്ടിക്കാണിച്ചുവെങ്കിലും അക്കാര്യമൊന്നും പറയേണ്ടന്നും ദല്‍ഹിയില്‍ ആളുകള്‍ മരിക്കുമ്പോള്‍ അതിന് നേരെ കണ്ണടയ്ക്കാന്‍ ആകില്ലന്നുമായിരുന്നു കോടതിയുടെ മറുപടി. ഓക്‌സിജന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബത്ര ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി പരിഗണിക്കുന്നതിനിടയാണ് ഓക്‌സിജന്‍ മുടങ്ങിയതിനാല്‍ എട്ട് രോഗികള്‍ മരിച്ച കാര്യം ആശുപത്രി കോടതിയെ അറിയിച്ചത്.ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി തള്ളി. എല്ലാം മതിയായി. അനുവദിച്ചതില്‍ കൂടുതല്‍ ആരും ആവശ്യപ്പെടുന്നില്ല. ഇന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന്റെ വിശദീകരണം തിങ്കളാഴ്ച കേള്‍ക്കാം- കോടതി അറിയിച്ചു.