കാസര്‍കോട്- വാട്‌സ്ആപിലെ വിവാദ ശബ്ദ സന്ദേശം ചോര്‍ന്നതുമായി ബന്ധപ്പെട്ട് സി. പി.എം കിനാനൂര്‍ ലോക്കല്‍ കമ്മറ്റിയംഗവും , കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എ. വിധുബാലയെ സി പി എം സസ്പെന്റ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആക്കാമെന്നും പിന്നീട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആക്കാമെന്നും സി പി എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ വന്നതിനെ തുടര്‍ന്ന് വിധുബാല നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരികയായിരുന്നു. പി കെ ലക്ഷ്മിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആക്കുകയും ജില്ലാ പഞ്ചായത്തിലേക്ക് മുന്‍ കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം ശകുന്തളയെ മത്സരിപ്പിക്കുകയും ചെയ്തതോടെ നിരാശയിലായ വിധുബാല പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സി പി എം നേതൃത്വവും പരസ്യനിലപാട് എടുത്തതില്‍ പ്രതിഷേധിച്ചു വിധുബാലയെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കി. പിന്നീട് ഒരു വിഭാഗം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രവര്‍ത്തകയാക്കാന്‍ ചരടുവലിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പുകസ യുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ജില്ലയിലെ സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ ആയിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. കിനാനൂരിലെ സി പി എമ്മിലെ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളുമായി എന്നും ഈ വനിതാനേതാവിന് പൊരുത്തപ്പെട്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചതും സ്വന്തം തട്ടകത്തിലെ പാര്‍ട്ടി നേതാക്കളായിരുന്നു. ഇപ്പോള്‍ സി പി എം നേതൃത്വം എടുത്ത അച്ചടക്ക നടപടി വിധുബാലക്ക് വലിയ തിരിച്ചടിയായി. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി സി.പി.എം കിനാനൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.രാജന്‍ ആന്‍ അറിയിച്ചത്. ബിരിക്കുളം -പരപ്പ റോഡിന് ജില്ലാ പഞ്ചായത്ത് വെച്ച ഫണ്ട് ഡിവിഷന്‍ മെമ്പര്‍ കയ്യൂര്‍ - ചീമേനി പഞ്ചായത്തിലേക്ക് തെറ്റായ മാര്‍ഗ്ഗത്തിലൂടെ കൊണ്ടുപോയി എന്ന വസ്തുതാ വിരുദ്ധമായ കാര്യങ്ങളും , ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാത്തതിന് കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ മൂന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ ചരട് വലിച്ച് തന്റെ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാക്കിയെന്നും താനൊഴികെയുള്ള വനിതാ നേതാക്കള്‍ സ്ഥാനമാനങ്ങള്‍ നേടിയടുത്തത് തെറ്റായ മാര്‍ഗ്ഗത്തിലൂടെയാണെന്നും മറ്റുമുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ കാര്യങ്ങള്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ ഒരാളോട് ഫോണിലൂടെ സംസാരിക്കുകയും, അത് സമൂഹ മാധ്യമങ്ങളിലും, ചാനലുകളിലും, പത്രങ്ങളിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്ന സ്ഥിതിയുമുണ്ടായി. തികച്ചും അടിസ്ഥാനരഹിതവും പാര്‍ട്ടി ബന്ധുക്കളിലും പൊതുജനങ്ങളിലും ,പാര്‍ട്ടിയേയും, പാര്‍ട്ടി നേതാക്കളെയും, അവഹേളിക്കുന്ന തരത്തിലുള്ള നിലപാടാണ് വിധുബാലയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു സംഘടനാ പ്രവര്‍ത്തകയെന്ന നിലയില്‍ പാര്‍ട്ടിക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ അംഗീകാരവും വിധുബാലയ്ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്കറിയാവുന്നതാണ്. രണ്ട് തവണ കിനാനൂര്‍ - കരിന്തളം പഞ്ചായത്തില്‍ മത്സരിപ്പിച്ചു. ഒരു തവണ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണും , ഒരു തവണ പ്രസിഡണ്ടാക്കുകയും ചെയ്തു. പാര്‍ട്ടിക്ക് എതിരായി ഉത്തരവാദ സ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്ത പരാമര്‍ശങ്ങളാണ് വിധുബാലയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. തെറ്റായ പരാമര്‍ശങ്ങളിലൂടെ പാര്‍ട്ടി ബന്ധുക്കള്‍ക്കും , ബഹുജനങ്ങള്‍ക്കുമിടയില്‍ പാര്‍ട്ടിയുടെ യശസ്സും സല്‍പേരും കളഞ്ഞുകുളിക്കുന്ന നിലപാടാണ് ഉണ്ടായത്. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും ശനിയാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗം അഭ്യര്‍ത്ഥിച്ചു. എന്‍.വി സുകുമാരന്‍ അദ്ധ്യക്ഷനായി. സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ , സെക്രട്ടറിയേറ്റ് അംഗം വി.കെ രാജന്‍, ജില്ലാക്കമ്മറ്റിയംഗങ്ങളായ ടി.കെ.രവി , എം,ലക്ഷ്മി, ഏരിയാ സെക്രട്ടറി എം രാജന്‍, പാറക്കോല്‍ രാജന്‍. കെ.രാജന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് വിധുബാലയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.