ന്യൂദല്‍ഹി- ഇന്ത്യയില്‍ അതിരൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡിനെ പിടിച്ചുകെട്ടാന്‍ പൂര്‍ണ ലോക്ഡൗണ്‍ ആണ് പരിഹാരമെന്ന് യുഎസ് സര്‍ക്കാരിന്റെ മുഖ്യ ആരോഗ്യ ഉപദേശകന്‍ ഡോ. ആന്തൊണി ഫൗചി. വൈറസ് വ്യാപനം തടയാന്‍ എത്രയും വേഗം സ്വീകരിക്കേണ്ട നടപടി ഏതാനും ആഴ്ചകളിലേക്ക് പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെന്ന് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. വേണ്ടത്ര ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുക, ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, പിപിഇകള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് ഉടനടി ഇന്ത്യ സ്വീകരിക്കേണ്ട നടപടികളെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായി വിജയിച്ചു എന്ന പ്രഖ്യാപനം നേരത്തെ ആയിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ അനിവാര്യമായും ചെയ്യേണ്ടത് രാജ്യത്തെ പൂര്‍ണമായും അടച്ചിടുക എന്നതാണ്. ഇതു വളരെ പ്രധാനമാണ്. എങ്കിലെ കാര്യങ്ങളെ നിയന്ത്രിക്കാവുന്ന രീതിയിലേക്ക് മടങ്ങാന്‍ കഴിയൂ- ബൈഡന്‍ സര്‍ക്കാരിന്റെ മുഖ്യ ആരോഗ്യ ഉപദേശകനായ ഡോ. ഫൗചി പറഞ്ഞു. ആറു മാസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല. അത് ആളുകളെ ബാധിക്കും. എന്നാല്‍ വൈറസിന്റെ വ്യാപന ശൃംഖല മുറിക്കാന്‍ കുറഞ്ഞ കാലത്തേക്ക്് ലോക്ഡൗണ്‍ അനിവാര്യമാണ്. ഏതാനും ആഴ്ചത്തേക്ക് മതി. അതിന്റെ ഫലം കാണാമെന്നും അദ്ദേഹം പറഞ്ഞു.