Sorry, you need to enable JavaScript to visit this website.

ബ്രിട്ടന്‍ യാത്ര വിലക്കുന്നതിന് മുമ്പ് ഇന്ത്യ വിട്ട സമ്പന്നരില്‍ വാക്‌സിന്‍ കമ്പനി മേധാവിയും

ന്യൂദല്‍ഹി- കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കഴിഞ്ഞയാഴ്ച ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ വിലക്കിനു തൊട്ടു മുമ്പായി ഇന്ത്യ വിട്ട അതിസമ്പന്നരില്‍ കോവിഡ് വാക്‌സിന്‍ നിര്‍മാണ ഭീമനായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാലയും. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനു ഏതാനും മണിക്കൂറുകള്‍ മുമ്പായി എട്ടു സ്വകാര്യ വിമാനങ്ങളിലാണ് ഇന്ത്യയിലെ സമ്പന്നര്‍ രക്ഷതേടി ലണ്ടനിലിറങ്ങിയത്. ഈ വിലക്ക് പ്രാബല്യത്തിലാകുന്നതിനു തൊട്ടു മുമ്പാണ് ബ്രിട്ടനിലെത്തിയതെന്ന് അദാര്‍ പുനവാലെ ദി ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മാര്‍ച്ചില്‍ ലണ്ടനിലെ മേയ്ഫ്‌ളവറില്‍ അദാര്‍ പുനെവാല മാസം 50 ലക്ഷം രൂപയ്ക്ക് ഒരു ആഢംബര ബംഗ്ലാവ് വാടകയ്ക്ക് എടുത്തിരുന്നു. 25,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഈ ബംഗ്ലാവ് പോളിഷ് കോടീശ്വരന്‍ ഡൊമിനിക കുല്‍സിക്കിന്റേതാണ്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തുന്നതിനു തൊട്ടു മുമ്പായി ലക്ഷങ്ങള്‍ പൊടിച്ചാണ് ഇന്ത്യയിലെ അതിസമ്പന്നരായ ചിലര്‍ സ്വകാര്യ വിമാനങ്ങളില്‍ ലണ്ടനിലേക്കു പറന്നത്. കോവിഡും ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷിതത്വം തേടിയാണ് കോടീശ്വരന്‍മാര്‍ നാടുവിട്ടത്. ചിലര്‍ പ്രത്യേക വിമാനം വാടകയ്‌ക്കെടുത്തായിരുന്നു യാത്ര. ഏപ്രിൽ 24ന് രാവിലെ 8.30 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതിനു തൊട്ടുമുമ്പായി എട്ട് സ്വകാര്യ വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്ന് ലണ്ടനിലെത്തിയതെന്ന് ഫ്‌ളൈറ്റ്അവയര്‍ വെബ്‌സൈറ്റ് റിപോർട്ട് ചെയ്തിരുന്നു. മുംബൈയില്‍ നിന്ന് നാലും ദല്‍ഹിയില്‍ നിന്ന് മൂന്നും അഹമദാബാദില്‍ നിന്ന് ഒന്നും വിമാനങ്ങളാണ് ലണ്ടനില്‍ പറന്നിറങ്ങിയത്. ഒരു വിമാനത്തിനുള്ള ചെലവ് 72 ലക്ഷം രൂപ (70,000 പൗണ്ട്) വരെ ആകാമെന്നും ഈ വെബ്‌സൈറ്റ് പറയുന്നു. 

അതേസമയം ഇപ്പോൾ ലണ്ടനിൽ കഴിയുന്ന അദാറിന് കേന്ദ്ര സർക്കാർ ഈയിടെ വൈ കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. രണ്ട് കമാൻഡോകളും പോലീസുകാരും ഉൾപ്പെടുന്നതാണ് വൈ കാറ്റഗറി സുരക്ഷാ സന്നാഹം. 

Latest News