കോഴിക്കോട്- സംഘ് പരിവാർ അനുകൂല മാധ്യമ പ്രവർത്തകൻ രോഹിത് സർദാനയുടെ നിര്യാണത്തിൽ അനുശോചിക്കുകയും പുകഴ്ത്തി സംസാരിക്കുകയും ചെയ്ത എസ്.ഡി.പി.ഐ നേതാവ് വിവാദത്തിൽ. മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർഥി തസ്ലീം റഹ്മാനിയാണ് വിവാദത്തിൽ അകപ്പെട്ടത്. ദൽഹി കലാപത്തിൽ പ്രകോപനപരമായി ട്വീറ്റ് ചെയ്യുകയും വംശീയ പരാമർശങ്ങൾ നടത്തുകയും ചെയ്ത രോഹിത് സർദാനയെ പുകഴ്ത്തിയാണ് തസ്ലീം റഹ്മാനി പോസ്റ്റിട്ടത്.
രോഹിത് സർദാനയുടെ മരണം തന്നെ ഞെട്ടിച്ചുവെന്നും കഴിഞ്ഞയാഴ്ച പോലും അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും തസ്ലീം റഹ്മാനി പറഞ്ഞു. കരിഞ്ചന്തയിൽ ഓക്‌സിജൻ വിൽക്കുന്നതിനെ പറ്റിയും മറ്റും അദ്ദേഹത്തോടെ ഒളിക്യാമറ ഓപ്പറേഷൻ നടത്താൻ പറഞ്ഞിരുന്നു. അദ്ദേഹം അത് ചെയ്യുകയും ചെയ്തു. അദ്ദേഹം എന്റെ അടുത്ത കൂട്ടുകാരനായിരുന്നു. ഒരു നല്ല മനുഷ്യനും എല്ലാം മനസിലാക്കുന്ന പത്രപ്രവർത്തകനുമായിരുന്നുവെന്നുമായിരുന്നു റഹ്മാനിയുടെ ട്വീറ്റ്. ഇതിനെതിരെ സ്വന്തം അണികളിൽനിന്നു തന്നെ കനത്ത വിമർശനം ഉയർന്നതോടെ ആദ്യ പോസ്റ്റ് പിന്‍വലിച്ച് മറ്റൊരു പോസ്റ്റുമായി തസ്ലീം റഹ്മാനി രംഗത്തെത്തി.
ആർ.എസ്.എസിനോടും അവരുടെ വിഷം വമിപ്പിക്കുന്ന ആദർശത്തോടുമുള്ള എതിർപ്പ് തുടരുമെന്ന് പുതിയ പോസ്റ്റിൽ തസ്ലീം റഹ്മാനി വ്യക്തമാക്കി. മോഹൻ ഭാഗവത് ചികിത്സ തേടി തന്റെ അടുത്തുവന്നാൽ ആർ.എസ്.എസിനെതിരെ പ്രവർത്തിക്കുന്ന ഒരു മുസ്ലിം ഡോക്ടർ എന്ന നിലയിൽ ഞാനെന്ത് ചെയ്യും. നാം ആർ.എസ്.എസ് എന്ന സംവിധാനത്തിന് എതിരെയാണ് പോരാടുന്നത്. വ്യക്തികൾക്ക് എതിരെയല്ല. ഒരാൾക്ക് പകരം മറ്റു പത്തു പേർ വന്നേക്കാം. രോഹിത് സർദാനയെ പറ്റി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തെ പറ്റിയാണ്. അദ്ദേഹവുമായി നിരവധി തവണ മുഖാമുഖം സ്‌ക്രീനിൽ ഏറ്റുമുട്ടിയിട്ടുണ്ടെന്നും തസ്ലീം റഹ്മാനി ചൂണ്ടിക്കാട്ടി. തസ്ലീം റഹ്മാനിയുടെ പോസ്റ്റ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ച നടക്കുന്നുണ്ട്. മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായിരുന്നു തസ്ലീം റഹ്മാനി. തസ്ലീം റഹ്മാനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയും ഇത് സംബന്ധിച്ച് നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.
ന്യൂമാഹിയിലെ കുടുംബത്തില്‍ ഒരു സ്ത്രീ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പത്തുദിവസത്തിനിടെ നാലു മരണം |