തിരുവനന്തപുരം- കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം തയാറാണെന്ന പോസ്റ്റ് മേയര്‍ ആര്യാ രാജേന്ദ്രന് പിന്‍വലിച്ചെങ്കിലും വിവാദം അവസാനിപ്പിക്കാതെ സോഷ്യല്‍ മീഡിയ. മേയറുടെ ദീര്ഘവീക്ഷണമെന്ന് എതിരാളികള്‍ പരഹസിക്കുമ്പോള് കേരളത്തില്‍ കൂട്ടമരണമില്ലാതാക്കാന് സംസ്ഥാന സര്‍ക്കാരിനും ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കും സാധിക്കുമെന്ന് പറഞ്ഞാണ് ഇടതു പ്രവര്‍ത്തകര്‍ പ്രതിരോധിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നു. സംഭവം വിവാദമായതോടെ മേയര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
രാജ്യം കൊവിഡ് മഹാമാരിയ്ക്കുമുന്നില്‍ വിറങ്ങലിച്ചുനില്ക്കുന്ന സമയത്ത് കോര്പ്പറേഷന് ആധുനിക ശ്മശാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്മയാണെന്നായിരുന്നു കമന്റുകള്‍. ജനങ്ങളെ ഭീതിയിലാക്കുന്നതാണെന്നും വിമർശമുയർന്നു.
'രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്കാരത്തിനായി ഉള്ളത്'. ആധുനികരീതിയില്‍ നിര്‍മ്മിച്ച ഗ്യാസ് ശ്മശാനത്തിന്റെ ചിത്രങ്ങളോടൊപ്പമാണ് ആര്യ ഫേസ്ബുക്കില്‍ ഇങ്ങനെ പറഞ്ഞത്.
മേയർ ആര്യയെ ന്യായീകരിച്ച് പ്രചരിക്കുന്ന പോസ്റ്റുകളിലൊന്ന്.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മരണമടയുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം ഇൻഷുറൻസ് എന്ന്
പറഞ്ഞാൽ അതിനർത്ഥം ആരോഗ്യപ്രവർത്തകർ മരിക്കട്ടെ എന്നല്ല.
വാക്സിൻ എടുക്കുന്നതിന് മുൻപേ രക്തദാനം ചെയ്യണമെന്ന് DYFIയും യൂത്ത് കോൺഗ്രസും
പറഞ്ഞാൽ അതിനർത്ഥം കേരളത്തിൽ രക്തചൊരിച്ചിലുണ്ടാവാൻ പോവുന്നുവെന്നല്ല.
ഒന്നാം തരംഗത്തിൽ മരണമടഞ്ഞ 700 ലധികമാളുകളുടെ ശവദാഹം നടത്തിയത് DYFI ആണെന്ന്
പറഞ്ഞാൽ അതിനർത്ഥം ഇനിയുമാളുകൾ മരിക്കട്ടെ എന്നവർ കരുതുന്നുവെന്നല്ല.
കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശവദാഹം നടത്താൻ ഡീൻ കുര്യാക്കോസ് ടീമിനെ റെഡിയാക്കിയെന്ന്
പറഞ്ഞാൽ അതിനർത്ഥം എല്ലാരും മരിക്കുമെന്ന് ഡീൻ ഉറപ്പിച്ചു എന്നല്ല.
510 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരമായുണ്ടെന്ന് ശൈലജ ടീച്ചർ
പറഞ്ഞാലതിനർത്ഥം ആളുകളെല്ലാം ശ്വാസം മുട്ടി മരിക്കാൻ പോവുന്നു എന്നല്ല.
രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ഏത് പനിയും കോവിഡാകാമെന്ന് ഡോ. അഷീൽ
പറഞ്ഞാലതിനർത്ഥം എല്ലാവർക്കും കോവിഡ് വരുമെന്നുറപ്പാണെന്നല്ല.
ഒരു നഗരത്തിൽ ആധുനികശ്മശാനമൊരുങ്ങിയെന്ന്
പറഞ്ഞാലതിനർത്ഥം അവിടുത്തുകാരെല്ലാം മരിക്കുമെന്നുറപ്പാണെന്നല്ല.
ലോകമെങ്ങുമുള്ള മനുഷ്യരുടെ ഹൃദയംപിളർക്കുന്ന കാഴ്ച
ശ്മശാനങ്ങളിൽ ഊഴം കാത്തുകിടക്കുന്ന മൃതശരീരങ്ങളാണ്.
അതുകൊണ്ടുതന്നെ,
ആശുപത്രികളൊരുക്കുന്നതുപോലെതന്നെ പ്രധാനമാണ്, മാനുഷികമാണ്
ആധുനികശ്മശാനങ്ങളൊരുക്കുക എന്നുള്ളതും.
അത്രയുമവശ്യമായൊരു കാര്യം തന്നെയാണ് തിരുവനന്തപുരം നഗരസഭ ചെയ്തത്.
ചെയ്ത കാര്യം നാട്ടുകാരോട് പറയുകയെന്നത് പ്രധാനവുമാണ്.
പ്രിയപ്പെട്ട ആര്യാ...
നിങ്ങളുടെ ടൈം ലൈനിലൂടെ പത്തു ദിവസം പിറകോട്ട് പോയ് നോക്കി ഞാൻ.
എല്ലാം കോവിഡ് പ്രതിരോധപ്രവർത്തങ്ങളെപ്പറ്റിയുള്ള വാർത്തകൾ.
ഇതൊന്നും കാണാതെ, ശവദാഹവാർത്തമാത്രം മാന്തിയെടുത്ത് രസിക്കുന്ന ശവങ്ങളുടെ ദാഹമറിയാൻ നിങ്ങൾക്കിനിയും കഴിയുന്നില്ലെങ്കിൽ,
അവരിനിയും നിങ്ങളുടെ മേലിങ്ങനെ
അധമവിജയങ്ങൾ നേടിക്കൊണ്ടിരിക്കും.
കൊറോണാ വൈറസുകൾക്കെതിരെയെന്നപോലെ,
അനുനിമിഷം ജനിതകമാറ്റം വരുന്ന
മനുഷ്യാകാരം പൂണ്ട ചില ജന്മങ്ങൾക്കെതിരെയും
പൊരുതിനിന്നുകൊണ്ടാണ് കേരളം ദുരന്തങ്ങളിൽ നിന്ന് നടന്നുകയറുന്നത്.
നോക്കിലും വാക്കിലും നിലപാടുകളിലുമുള്ള ആർദ്രതയുമുയരവുമാണ്
ആര്യയെ ഞങ്ങൾക്കിത്രമേൽ പ്രിയപ്പെട്ടവളാക്കിയത്.
അതില്ലാതാക്കാനനുവദിക്കരുത്.
അതൊന്നുതന്നെയാണ് മറ്റുചിലരുടെ പ്രശ്നവും.
അതറിയാതെപോവരുത്.
വികൃതജന്മങ്ങളെ വിളയാടാനനുവദിക്കരുത്.