തിരുവനന്തപുരം- എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതിന് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നുവെങ്കിലും കുലുങ്ങാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ഒരുനാള്‍ മാത്രം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി വന്നതോടെ യഥാര്‍ത്ഥ ജനവിധി എന്താവുമെന്ന് അറിയാന്‍ ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളവും ജനങ്ങളും.
സര്‍വേകള്‍ വെറും അഭിപ്രായങ്ങള്‍ മാത്രമാണെന്നും ജനവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. ബി.ജെ.പിയും എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളുന്നു.
യു.ഡി.എഫില്‍ കോണ്‍ഗ്രസും മുസ്്‌ലിംലീഗും ജയമുറപ്പാക്കുന്നു. 75 മുതല്‍ 82 വരെ കോണ്‍ഗ്രസ് കണക്കുകൂട്ടുമ്പോള്‍ മലബാറില്‍ മതന്യൂനപക്ഷ വികാരം അനുകൂലമെന്ന് വിലയിരുത്തുന്ന മുസ്്‌ലിംലീഗ് അതിലും വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. തെക്കന്‍ ജില്ലകളിലെ അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഇടതിന് എതിരായി മാറുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.
തുടര്‍ ഭരണം ഉറപ്പാണെന്നാണ് എല്‍.ഡി.എഫിന്റെ വിശ്വാസം. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ നടത്തിയ കണക്കെടുപ്പുകളിലും അവര്‍ വിശ്വാസമര്‍പ്പിക്കുന്നു. 85 വരെയോ, തരംഗമുണ്ടായാല്‍ 90ന് മുകളില്‍ 100 വരെയോ വരെ സീറ്റുകള്‍ നേടാമെന്നാണ് കണക്കുകൂട്ടല്‍.
നേമം ഉള്‍പ്പെടെ 7 മുതല്‍ 10വരെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിക്കുന്ന എന്‍.ഡി.എ മൂന്ന് സീറ്റെങ്കിലും ഉറപ്പായി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.