മുംബൈ-കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇന്ത്യയില്‍ രണ്ടു മാസങ്ങള്‍ അകലെ മൂന്നാം തരംഗ ഭീഷണിയും. ജൂലൈഓഗസ്റ്റ് മാസത്തില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ നല്‍കുന്ന സൂചന. രാജ്യത്ത് കോവിഡില്‍ ഏറ്റവും ആഘാതം ഏറ്റുവാങ്ങിയ മഹാരാഷ്ട്രയില്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന രണ്ടാം തരംഗവും അതി രൂക്ഷമാണ്. അതിനു പുറമെയാണ് മൂന്നാം തരംഗവും പടിവാതില്‍ക്കല്‍ എത്തിയെന്ന മുന്നറിയിപ്പുള്ളത്.
രണ്ടാം തരംഗ ഭീഷണി തന്നെ രാജ്യത്തിന് താങ്ങാനാവാത്ത സ്ഥിതിയിലാണ് മൂന്നാം തരംഗ ഭീതി മുന്നിലുള്ളത്. ചികിത്സാ സൗകര്യങ്ങളോ പ്രാണവായുവോ ഇല്ലാതെ മരിച്ചു വീഴുന്നവരും അവരെ സംസ്‌കരിക്കാന്‍ പോലും പാടുപെടുന്ന സാഹചര്യത്തിലാണ് മുന്നിലുള്ള ഭീതി എത്ര വലുതാണെന്ന് വ്യക്തമാവുക. പാശ്ചാത്യ രാജ്യങ്ങളൊക്കെ മൂന്നാം തരംഗത്തെ നേരിടാന്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കിയും മെഡിക്കല്‍ വസ്തുക്കള്‍ ശേഖരിച്ചും തയാറെടുക്കവേ ഇന്ത്യയില്‍ ഇതൊന്നും നടക്കുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാം തരംഗത്തേക്കാള്‍ ഭീകരമായിരിക്കും മൂന്നാം തരംഗം എന്ന മുന്നറിയിപ്പും മുന്നിലുണ്ട്. അമേരിക്കന്‍ പ്രഡിഡന്റ് ജോ ബൈഡന്‍ പറഞ്ഞത് സ്വന്തം രാജ്യത്തെ ജനത്തിന് മുഴുവന്‍ വാക്‌സിന്‍ നല്‍കിയ ശേഷമേ മറ്റുള്ളവര്‍ക്ക് നല്‍കൂ എന്നാണ്. ഇത്തരമൊരു വീക്ഷണം ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയതാണ് ഇപ്പോള്‍ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയിലെത്തിച്ചത്. പ്രാണവായുവിനും ജീവനും വേണ്ടിയുള്ള യാചനയും ഇനിയും അഭിമുഖീകരിക്കേണ്ടിവരും എന്നാണു മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പിലൂടെ മനസിലാക്കേണ്ടത്.
വിദഗ്ധരുടെ മുന്നറിയിപ്പിനെ അധികരിച്ചാണ് സംസ്ഥാന ആരോഗ്യമന്ത്രി ടൊപെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച പ്രതിദിനദിന കോവിഡ് രോഗികളുടെ എണ്ണം 66,159 ആയി ഉയരുകയും 771 പേര്‍ മരിക്കുകയും ചെയ്തു. മേയ് മാസം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്ത് കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്. ഓക്‌സിജന്‍ ഉത്പാദനത്തിനായി പ്ലാന്റുകള്‍ സ്ഥാപിക്കുക, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സ്‌കാനിങ് മെഷീനുകളും അടിയന്തരമായി സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സര്‍ക്കാരിപ്പോള്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം തടയാന്‍ മേയ് 15 വരെ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.