മെറോണ്‍- വടക്കന്‍ ഇസ്രായേലില്‍ ജൂത തീര്‍ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 44 ആയി. രക്ഷാപ്രവര്‍ത്തകര്‍ പരിഭ്രാന്തരായ ജനക്കൂട്ടത്തിനിടയില്‍നിന്ന് നന്നേ പാടുപെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റവരെ പുറത്തെത്തിച്ചത്.
മെറോണില്‍ രണ്ടാം നൂറ്റാണ്ടിലെ റബ്ബി ഷിമണ്‍ ബാര്‍ യോചായിയുടെ ശവകുടീരത്തിന്റെ സ്ഥലത്താണ് ദുരന്തം. പ്രധാനമായും തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ ലാഗ് ബാമര്‍ അവധിക്കാലത്ത് ഒഴുകിയെത്തുന്ന തീര്‍ഥാടന കേന്ദ്രമാണിത്.
ലാഗ് ബാമര്‍ അവധിക്കാലം ആഘോഷിക്കുന്നവർ
കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം അടച്ചിട്ടിരുന്ന കേന്ദ്രം പ്രതിരോധ കുത്തിവയ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനു തുറന്നു കൊടുത്തത്.
മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇസ്രായിലില്‍ ഇത്രയേറെ ജനങ്ങള്‍ ഒരു സ്ഥലത്ത് തടിച്ചു കൂടിയത്. അനുമതി നല്‍കിയതിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ എത്തിച്ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ ഒരു ഭാഗം തകര്‍ന്നാണ് ദുരന്തമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും തിക്കും തിരക്കുമാണ് കാരണമെന്ന് പിന്നീട് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.
സംഭവസ്ഥലത്ത് 38 പേരും ബാക്കിയുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് ഇസ്രയേലിന്റെ രക്ഷാപ്രവര്‍ത്തന സേനയായ മാഗന്‍ ഡേവിഡ് അഡോമിന്റെ വക്താവ് പറഞ്ഞു.