ഭോപ്പാല്‍- മധ്യപ്രദേശില്‍ ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ ഓട്ടോ റിക്ഷ ആംബുലന്‍സാക്കി ഒരാള്‍.
ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റാണ് ഇതിനായി പണം കണ്ടെത്തിയതെന്നും സൗജന്യമായാണ് രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതെന്നും ഓട്ടോ ഡ്രൈവര്‍ ജാവേദ് ഖാന്‍ പറഞ്ഞു. 15 ദിവസമായി സേവനരംഗത്തുണ്ടെന്നും ഇതിനകം ഗരുതരാവസ്ഥയിലായ ഒമ്പത് രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
റീഫില്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ക്യൂനിന്നാണ് ഓക്‌സിജന്‍ വാങ്ങുന്നത്. മൊബൈല്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരുന്നുവെന്നും ആംബുലന്‍സ് കിട്ടിയില്ലെങ്കില്‍ വിളിക്കാനാണ് ആവശ്യപ്പെട്ടതെന്നും ജാവേദ് ഖാന്‍ പറഞ്ഞു.
ആംബുലന്‍സ് ഇല്ലാത്തതിനാല്‍ രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിന് ആളുകള്‍ അനുഭവിക്കുന്ന ദുരിതം ടിവി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും കണ്ടതിനെ തുടര്‍ന്നാണ് തന്റെ ഓട്ടോറിക്ഷ തല്‍ക്കാലം ആംബുലന്‍സാക്കി മാറ്റാമെന്ന് ആശയം തോന്നിയതെന്ന് ജാവേദ് ഖാന്‍ പറഞ്ഞു.
വിയര്‍പ്പില്‍ കുളിച്ച ഡോക്ടറുടെ ചിത്രവും ട്വീറ്റും വൈറലായി |