Sorry, you need to enable JavaScript to visit this website.

ലാലുവിന് ജയില്‍ മോചനമായി; ദല്‍ഹി ആശുപത്രിയില്‍ തുടരും

റാഞ്ചി- ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ ജാമ്യ നടപടികള്‍ പ്രത്യേക സിബിഐ കോടതിയില്‍ പൂര്‍ത്തിയാക്കി. ലാലുവിന് ജയില്‍ മോചനമായെങ്കിലും   ചികിത്സക്കായി ദല്‍ഹി എയിംസില്‍ തുടരും.


ആവശ്യമായ കോടതി നടപടികളില്‍ പങ്കെടുക്കാന്‍ ബാര്‍ കൗണ്‍സില്‍  അനുവദിച്ചതിനു പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ അഭിഭാഷകര്‍ ജാമ്യ ബോണ്ടും ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യവും റാഞ്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്.  ഇതനുസരിച്ച് ജഡ്ജി എം കെ മിശ്ര ആര്‍ജെഡി മേധാവിയുടെ മോചന ഉത്തരവ് പുറപ്പെടുവിച്ചു.
റാഞ്ചി സിബിഐ കോടതിയില്‍ ജാമ്യ വ്യവസ്ഥകള്‍ പാലിച്ച ശേഷം ഉത്തരവ് ബിര്‍സ മുണ്ട ജയിലിലെത്തിയെന്നും തുടര്‍ന്ന് ദല്‍ഹിയലെ എയിംസ് അധികൃതര്‍ക്ക് ഇമെയില്‍ അയച്ചുവെന്നും ജയില്‍ ഐജി വീരേന്ദ്ര ഭൂഷണ്‍ പറഞ്ഞു.  
എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ലാലു പ്രസാദ് കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
ദുംക ട്രഷറി കുംഭകോണവുമായി ബന്ധപ്പെട്ട അവസാനത്തെ കേസില്‍ ഏപ്രില്‍ 17 നാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്.


  പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍; ബന്ധുവായ യുവാവ് അറസ്റ്റില്‍

 

Latest News