മോസ്‌കോ- കാമുകിയെ പീഡിപ്പിച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ തത്സമയം ചിത്രീകരിച്ച് ലൈവ് സ്ട്രീമിംഗ് നടത്തിയ യൂട്യൂബര്‍ക്ക് ആറുവര്‍ഷം തടവുശിക്ഷ. റഷ്യന്‍ യൂട്യൂബറായ സ്റ്റാനിസ്ലാവ് റെഷനിക്കോവ് എന്ന മുപ്പതുകാരനാണ് റഷ്യന്‍ കോടതി തടവുശിക്ഷ വിധിച്ചത്. മുറിക്കുള്ളില്‍ നഗ്‌നയായി കിടന്ന യുവതിയെ കൊടും തണുപ്പില്‍ ബാല്‍ക്കണിയിലേക്ക് തള്ളിയിടുന്നതും പിന്നീട് തിരിച്ചുകൊണ്ടുവരുന്നതുമായ ദൃശ്യങ്ങളാണ് ഇയാള്‍ തത്സമയം ചിത്രീകരിച്ചത്. മോസ്‌കോയിലെ കോടതിയാണ് ഇയാള്‍ക്ക് ആറു വര്‍ഷം കഠിനതടവ് വിധിച്ചത്.
തത്സമയം ആളുകള്‍ ദൃശ്യങ്ങള്‍ കാണുന്നതിനിടെയാണ് യുവതി മരിച്ചത്. കാമുകി വാലന്റിന ഗ്രിഗറിയേവയാണ് തത്സമയ സംപ്രേഷണത്തിനിടെ കാണികള്‍ക്ക് മുന്നില്‍ മരിച്ചത്. തലയ്‌ക്കേറ്റ അടികളാണ് കാമുകിയുടെ മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. കാമുകിയുടെ തലയ്ക്ക് അടിച്ചതായി ഇയാള്‍ പോലീസിന് മൊഴി നല്‍കി. 2020 ഡിസംബറിലാണ് മോസ്‌കോയിലെ ഫഌറ്റില്‍ ഈ സംഭവം നടന്നത്. കാമുകിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ തത്സമയം കാണിച്ചാല്‍ വന്‍തുക നല്‍കാമെന്ന് ആരോ യൂ ട്യൂബില്‍ കമന്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ലൈവ് സ്ട്രീമിങ്ങിനിടെ കാമുകിയെ ഉപദ്രവിച്ചത്. പല തവണ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത ശേഷം നഗ്‌നയായ യുവതിയെ സീറോ ഡിഗ്രിയ്ക്ക് താഴെ തണുപ്പില്‍ ബാല്‍ക്കണിയിലേക്ക് തള്ളിയിടുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് വീടിന് അകത്തേക്ക് കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും കാമുകി മരിച്ചിരുന്നു. ഉടനെ തന്നെ സംഭവത്തെ കുറിച്ച് കാണികളിലൊരാള്‍ പോലീസിനെ അറിയിക്കുകയും അവര്‍ ഇയാളുടെ വീട്ടിലെത്തുകയും ചെയ്തു. ആ സമയത്തും ഇയാള്‍ ലൈവ് സ്ട്രീമിങ് നടത്തുകയായിരുന്നു.