കണ്ണൂർ- തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായി നാടും നഗരവും കാത്തു നിൽക്കുന്നതിനിടെ കണ്ണൂരിൽ സി.പി.എമ്മിൽ പുതിയ രാഷ്ട്രീയ വിവാദം. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജൻ, മകന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് ഉദ്ഘാടനം ചെയ്തതാണ് വിവാദത്തിന് തിരികൊളുത്തിയത്.
പാർട്ടി ശക്തികേന്ദ്രത്തിൽ കുന്നിടിച്ച് നിർമിച്ച ഈ റിസോർട്ട്, നിർമാണ സമയത്തു തന്നെ വിവാദത്തിലായിരുന്നു. ഉദ്ഘാടന ചടങ്ങിൽ പ്രമുഖ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ മുഖ്യാതിഥിയായത് കോൺഗ്രസിനകത്തും പൊട്ടിത്തെറിക്ക് വഴിവെച്ചിട്ടുണ്ട്.
കണ്ണൂരിലെ ചുവപ്പു കോട്ടയെന്നറിയപ്പെടുന്ന ആന്തൂർ നഗരസഭയിൽ ഉൾപ്പെട്ട വെള്ളിക്കീൽ എന്ന സ്ഥലത്താണ് ജയരാജന്റെ മകന്റെ നേതൃത്വത്തിൽ നിർമിച്ച വിവാദ റിസോർട്ട്. വെള്ളിക്കൽ ഇകോ പാർക്കിന് സമീപത്താണ് കുന്നിടിച്ച് ഈ റിസോർട്ട് നിർമിച്ചത്. ആന്തൂർ നഗരസഭയിൽ സാജൻ എന്ന പ്രവാസി വ്യവസായി നിർമിച്ച കൺവെൻഷൻ സെന്ററിന് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നഗരസഭാ അധികൃതർ അനുമതി നിഷേധിക്കുകയും, സാജൻ ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുകയും ചെയ്ത സമയത്തു തന്നെയാണ് പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി കുന്നിടിച്ച് ഈ റിസോർട്ടിന്റെ നിർമാണം നടന്നു വന്നത്.
ഇക്കാര്യം വാർത്തകളിൽ നിറഞ്ഞതിനെത്തുടർന്ന് പ്രവർത്തികൾ താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് ലോക് ഡൗൺ കാലത്താണ് നിർമാണം പുനരാരംഭിച്ചത്. മൊറാഴയിലെ ഇടുപ്പക്കുന്ന് ഇടിച്ചു നിരത്തിയാണ് റിസോർട്ട് നിർമിക്കുന്നതെന്ന് കാണിച്ച് ഇടതുപക്ഷ സഹയാത്രികരായ പരിസ്ഥിതി സംഘടന, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രമേയം പാസാക്കുകയും, പദ്ധതിക്ക് സ്റ്റോപ് മെമ്മോ നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ആന്തൂർ നഗരസഭയുടെ അനുമതിയോടെയാണ് നിർമാണം നടക്കുന്നതെന്നും, ഖനനം ചെയ്യുന്ന മണ്ണ് അവിടെത്തന്നെ നിക്ഷേപിക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചതോടെ കലക്ടർ തുടർ നടപടികൾ ഒഴിവാക്കി.
കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപിച്ച കമ്പനിയാണ് റിസോർട്ടിന്റെ ഉടമസ്ഥർ. 2014 ലാണ് പാപ്പിനിശ്ശേരി അരോളിയിൽ ഇ.പി. ജയരാജന്റെ വീടിന് തൊട്ടുചേർന്നുള്ള കടമുറി വിലാസമാക്കി ഈ കമ്പനി രജിസ്റ്റർ ചെയ്തത്. 2017 ലെ വാർഷിക റിട്ടേൺ പ്രകാരം, ജയരാജന്റെ മകൻ ജെയ്‌സൺ ആണ് കമ്പനിയിൽ ഏറ്റവുമധികം ഓഹരികൾ ഉള്ളത്. 25 ലക്ഷം രൂപ മൂല്യമുള്ള 2500 ഓഹരികളാണ് കമ്പനിയിൽ ജെയ്‌സണിന്റെ പേരിൽ ഉള്ളത്. ചില വ്യവസായികളും, സി.പി.എം സഹയാത്രികനായ കരാറുകാരൻ കെ.പി. രമേഷ് കുമാറും അടക്കം മറ്റു ചിലർ ഡയറക്ടർമാരാണ്. കണ്ണൂരിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് ആയ കാദിരി ഗ്രൂപ്പും ഇതിൽ ഉണ്ട്. ജെയ്‌സൺ, ചെയർമാനും, കെ.പി. രമേഷ് കുമാർ മാനേജിംഗ് ഡയറക്ടറുമാണ്. ഏഴു പേരാണ് ഡയറക്ടർമാരായി ഉള്ളത്. കെട്ടിട നിർമാണം പൂർത്തിയായതോടെ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ മറവിൽ, റിസോർട്ടിനുള്ള എല്ലാ അനുമതികളും ആന്തൂർ നഗരസഭയിൽനിന്നും നേടിയെടുത്തുവെന്നും പറയുന്നു. പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.
റിസോർട്ടിന്റെ ഉദ്ഘാടനം, അധികമാരെയും അറിയിക്കാതെ മുഹൂർത്തം നോക്കി വിളക്കു കത്തിച്ചാണ് നടത്തിയെന്നാണ് അറിയുന്നത്. പ്രധാന സി.പി.എം നേതാക്കൾ ആരും ചടങ്ങിൽ പങ്കെടുത്തിട്ടില്ല. ജയരാജന്റെ അടുത്ത ബന്ധുക്കളും, ജെയിംസ് മാത്യു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ തുടങ്ങി വിരലിൽ എണ്ണാവുന്നവർ മാത്രമാണ് പങ്കെടുത്തത്. ഇവർക്ക് പുറമെ, 2016 ലെ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനും മുഖ്യാതിഥിയായി പങ്കെടുത്തു. സാജൻ കേസിൽ ഈ റിസോർട്ടിനെതിരെ കോൺഗ്രസ് നടത്തിയ പ്രചാരണങ്ങളിൽ സജീവമായിരുന്ന ആളാണ് മമ്പറം. പാർട്ടിയുമായി കൂടിയാലോചിക്കാതെ ചടങ്ങിൽ പങ്കെടുത്തത് കോൺഗ്രസിനകത്തും പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടു കഴിഞ്ഞു.