റിയാദ്- സൗദി അറേബ്യയുടെ വിദേശ കരുതൽ ആസ്തികൾ കഴിഞ്ഞ മാസം 1.7 ശതമാനം തോതിൽ വർധിച്ചു. മാർച്ച് അവസാനത്തെ കണക്കുകൾ പ്രകാരം സൗദി അറേബ്യക്ക് വിദേശത്ത് 1.683 ട്രില്യൺ റിയാലിന്റെ കരുതൽ ആസ്തികളുണ്ട്. ഫെബ്രുവരി അവസാനത്തിൽ ഇത് 1.655 ട്രില്യൺ റിയാലായിരുന്നു. ഒരു മാസത്തിനിടെ വിദേശങ്ങളിലെ കരുതൽ ആസ്തികളിൽ 28.7 ബില്യൺ റിയാലിന്റെ വളർച്ചയുണ്ടായി.
നാലു മാസത്തിനിടെ ആദ്യമായാണ് വിദേശ കരുതൽ ആസ്തികളിൽ ഇത്രയും വലിയ വളർച്ച രേഖപ്പെടുത്തുന്നത്. ഇതിനു മുമ്പ് കഴിഞ്ഞ നവംബറിൽ വിദേശ കരുതൽ ആസ്തികൾ 2.3 ശതമാനം (38.8 ബില്യൺ റിയാൽ) തോതിൽ വർധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ വിദേശ കരുതൽ ആസ്തികൾ അഞ്ചു ശതമാനം തോതിൽ കുറഞ്ഞു. 2020 മാർച്ചിൽ വിദേശ കരുതൽ ആസ്തികൾ 1.775 ട്രില്യൺ റിയാലായിരുന്നു. ഒരു വർഷത്തിനിടെ വിദേശ കരുതൽ ആസ്തികളിൽ 91.6 ബില്യൺ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം വിദേശങ്ങളിൽ ബോണ്ടുകളിലുള്ള നിക്ഷേപം 0.2 ശതമാനം തോതിൽ വർധിച്ചു. ബോണ്ടുകളിലെ നിക്ഷേപത്തിൽ 220 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ബോണ്ടുകളിലെ നിക്ഷേപം 1.12 ട്രില്യൺ റിയാലിൽ നിന്ന് 1.21 ട്രില്യൺ റിയാലായി ഉയർന്നു. വിദേശങ്ങളിലെ കറൻസി, ഡെപ്പോസിറ്റ് വിഭാഗങ്ങളിലെ നിക്ഷേപം 5.7 ശതമാനം തോതിൽ കഴിഞ്ഞ മാസം വർധിച്ച് 513.6 ബില്യൺ റിയാലിലെത്തി. ഫെബ്രുവരിയിൽ ഈ ഗണത്തിൽ പെട്ട കരുതൽ ആസ്തികൾ 486 ബില്യൺ റിയാലായിരുന്നു. ഈ വിഭാഗത്തിലെ കരുതൽ ആസ്തികളിൽ ഒരു മാസത്തിനിടെ 27.6 ബില്യൺ റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിത്.
അന്താരാഷ്ട്ര നാണയനിധിയുടെ പക്കലുള്ള കരുതൽ ആസ്തികൾ 3.6 ശതമാനം തോതിൽ കഴിഞ്ഞ മാസം കുറഞ്ഞു. ഐ.എം.എഫിന്റെ പക്കലുള്ള സൗദിയുടെ കരുതൽ ആസ്തികൾ കഴിഞ്ഞ മാസം 13.48 ബില്യൺ റിയാലിൽ നിന്ന് 12.99 ബില്യൺ റിയാലായാണ് കുറഞ്ഞത്. പ്രത്യേക പിൻവലിക്കൽ അവകാശ വിഭാഗത്തിൽ പെട്ട കരുതൽ ആസ്തികൾ രണ്ടു ശതമാനം തോതിൽ കുറഞ്ഞ് 30.97 ബില്യൺ റിയാലിലെത്തി. മാർച്ചിൽ ഈ ഗണത്തിൽ പെട്ട 31.61 ബില്യൺ റിയാലിന്റെ കരുതൽ ആസ്തികളുണ്ടായിരുന്നു.
കഴിഞ്ഞ വർഷം സൗദിയുടെ വിദേശ കരുതൽ ആസ്തികൾ 9.2 ശതമാനം തോതിൽ കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം വിദേശ കരുതൽ ആസ്തികൾ 1.7 ട്രില്യൺ റിയാലാണ്. 2019 അവസാനത്തിൽ ഇത് 1.873 ട്രില്യൺ റിയാലായിരുന്നു. വിദേശ കരുതൽ ആസ്തികളിൽ കഴിഞ്ഞ വർഷം 172.2 ബില്യൺ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2019 ൽ കരുതൽ ആസ്തികൾ 0.6 ശതമാനം തോതിൽ വർധിച്ചിരുന്നു. 2018 അവസാനത്തിൽ വിദേശ കരുതൽ ആസ്തികൾ 1.862 ട്രില്യൺ റിയാലായിരുന്നു.