ന്യൂദൽഹി -ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം രാജ്യത്തുടനീളം സ്‌കൂളുകൾ വഴി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയം സമീപ് എന്ന പേരിൽ പുതിയ പദ്ധതി അവതരിപ്പിച്ചു. വിദേശ കാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ അവരവരുടെ നാട്ടിലെ സ്‌കൂളുകളിലും പഠിച്ച സ്‌കൂളുകളിലും നേരിട്ട് ചെന്ന് വിദേശ നയം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതാണ് പദ്ധതി. അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥരോടും നാട്ടിലെ സ്‌കൂളുകളുമായി ബന്ധപ്പെടാൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യ വിദേശ രാജ്യങ്ങളുമായി ഏതെല്ലാം രീതിയിൽ ബന്ധപ്പെടുന്നു, ഇന്ത്യയുടെ വിദേശനയം, നയതന്ത്ര ബന്ധങ്ങളും മുൻഗണനകളും എങ്ങനെയാണ് നിശ്ചിയിക്കപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളാണ് പഠിപ്പിക്കുക. ഇതൊരു സന്നദ്ധ പ്രവർത്തന പദ്ധതി ആയാണ് മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് അവർ പഠിച്ച സ്ഥാപനങ്ങളിലോ നാട്ടിലെ സ്‌കൂളുകളിലോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പോയി ക്ലാസെടുക്കാനുള്ള അനുമതി നൽകും.
ക്ലാസിൽ അവതരിപ്പിക്കേണ്ട കാര്യങ്ങൾ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഇത് കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്ത് ക്ലാസെടുക്കുന്നവർക്ക് മെച്ചപ്പെടുത്താം. ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ കുറിച്ച് സാധാരണക്കാരായ കുട്ടികൾക്ക് അറിവു നൽകുക മാത്രമല്ല പദ്ധിയുടെ ലക്ഷ്യം. വിദേശകാര്യ സർവീസ് ഒരു ജോലിയായി എങ്ങനെ തെരഞ്ഞെടുക്കാമെന്നതിന് വ്യക്തമായ രൂപവും വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്നു.