Sorry, you need to enable JavaScript to visit this website.

സിം കാര്‍ഡ് തട്ടിപ്പില്‍ കുടുങ്ങിയ ജിദ്ദയിലെ മലയാളിക്ക് ആശ്വാസം; എല്ലാവരും അറിഞ്ഞിരിക്കേണ്ട കേസ്

അബ്ദുറഹ്മാന്‍ കൂട്ടില്‍

ജിദ്ദ- അജ്ഞാത സംഘം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ക്രിമിനല്‍ കേസില്‍ കുടുങ്ങിയ മലയാളിക്ക് ഒടുവില്‍ ആശ്വാസം. എട്ട് മാസം നീണ്ട അലച്ചിലിനൊടുവില്‍ ഇഖാമ പുതുക്കാന്‍ സാധിച്ച ആശ്വാസത്തിലാണ് മലപ്പുറം കൂട്ടില്‍ സ്വദേശി അബ്ദുറഹ്മാന്‍.


ഇഖാമ പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരില്‍ ക്രിമിനല്‍ കേസുള്ളതിനാല്‍ ബ്ലോക്ക് ചെയ്തതായി കണ്ടെത്തിയത്. ജിദ്ദയിലെ പോലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോള്‍ റിയാദിലാണ് കേസെന്ന് മനസ്സിലാക്കി അങ്ങോട്ട് പോകുകയായിരുന്നു.


റിയാദിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസ് സ്‌റ്റേഷന്‍ ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോഴാണ് അബ്ദുറഹ്മാന്റെ പേരിലുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി അറിയിച്ചത്.
സ്‌പോണ്‍സറുടെ ലെറ്റര്‍ ഹാജരാക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയില്ലാത്തതിനെ തുടര്‍ന്ന് കേസ് നീണ്ടു പോയി. ഇഖാമ പുതുക്കാനാകാതെ അബ്ദുറഹ് മാന്‍ ദുരിതത്തിലും.
അവസാനം എംബസി ഇടപെട്ടതിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുന്നതായി ഫിംഗര്‍ പ്രിന്റ് അടക്കമുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കമ്പനി തയാറാകുകയായിരുന്നു.


എംബിസുടെ അനുമതി പത്രത്തോടെ കെ.എം.സി.സി പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരാണ് റിയാദില്‍ സഹായത്തിനുണ്ടായിരുന്നതെന്ന് അബ്ദുറഹ്മാന്‍ കൂട്ടില്‍ പറഞ്ഞു. റിയാദിലെ ഒരു സൗദി പൗരന്‍ ഹാജരായി ജാമ്യം നിന്നതോടെയാണ് കേസിന് അവസാനമായത്. യൂത്ത് ഇന്ത്യ, പ്രവാസി സാംസ്‌കാരി വേദി പ്രവര്‍ത്തകരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.


രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും അത് ശരിയാണെന്നാണ് ഈ സംഭവത്തിലൂടെ അക്ഷരാര്‍ഥത്തില്‍ ബോധ്യമായതെന്ന് അബ്ദുറഹ്മാന്‍ പറഞ്ഞു.
അബ്ദുറഹ്മാന്റെ പേരിലെടുത്ത സെയിന്‍ കമ്പനിയുടെ നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. ഈ നമ്പര്‍ ഉപയോഗിച്ച് ഒരു യെമനിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പതിനായിരത്തിലേറെ റിയാല്‍ ട്രാന്‍സ്ഫര്‍ ചെയ്തതാണ് കേസിന്റെ തുടക്കും. ഈ നമ്പര്‍ വേറെയും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചതായി തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തി.


തനിക്ക് രണ്ട് മൊബൈല്‍ നമ്പറാണ് ഉണ്ടായിരുന്നതെന്നും ഇത്തരമൊരു നമ്പര്‍ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. ഈ നമ്പര്‍ റദ്ദാക്കിയതായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സെയിന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ഈ നമ്പര്‍ ഇപ്പോള്‍ ഒരു സുഡാനിയാണ് ഉപയോഗിക്കുന്നതെന്നാണ് അറിഞ്ഞത്.
യഥാര്‍ഥ പ്രതിയല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് മാസം റിയാദില്‍ കഴിഞ്ഞ തന്നെ  പോലീസ് കേസില്‍ ഒഴിവാക്കിയതെന്ന അബ്ദുറഹ്മാന്‍ പറഞ്ഞു. സ്വകാര്യ വിവരങ്ങള്‍ കൈവിട്ടു പോകാതെ സൂക്ഷിക്കണമെന്നാണ് ഇദ്ദേഹത്തിന് പ്രവാസി മലയാളി സമൂഹത്തോട് പറയാനുള്ളത്.

സമ്മാനമടിച്ചുവെന്നും എ.ടി.എം കാർഡ് പുതുക്കണമെന്നും ആവശ്യപ്പെട്ട് ഇപ്പോഴും തട്ടിപ്പ് സംഘങ്ങള്‍ എസ്.എം.എസുകള്‍ അയക്കുന്നുണ്ട്. അന്യരുടെ പേരില്‍ സംഘടിപ്പിക്കുന്ന നമ്പറുകളാണ് ഇതിനായി ഉപയോഗിക്കുന്നതും. സിം കാർഡുകള്‍ ഇപ്പോള്‍ അബ്ശിറുമായി ബന്ധിപ്പിക്കുന്നുണ്ടെങ്കിലും സ്വന്തം പേരില്‍ എത്ര നമ്പറുണ്ടെന്ന് എല്ലാവരും പരിശോധിക്കണമെന്ന് സാമൂഹിക പ്രവർത്തകന്‍ കൂടിയായ അബ്ദു റഹ്മാന്‍ പറഞ്ഞു.

ഒരു തരത്തിലും ഇഖാമ പുതുക്കാനാവില്ലെന്നും നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും ആലോചിച്ചിരിക്കുമ്പോഴാണ് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പ്രാർഥനയുടെ ഫലമായി തനിക്ക് ആശ്വാസം ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ന്യൂമാഹിയിലെ കുടുംബത്തില്‍ ഒരു സ്ത്രീ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പത്തുദിവസത്തിനിടെ നാലു മരണം

 

Latest News