ന്യൂദല്‍ഹി- കോവിഡിനെ പ്രതിരോധിക്കാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ ശ്രമത്തിന്റെ ഭാഗമാകാനുള്ള ചൈനയുടെ ക്ഷണം ഇന്ത്യ നിരസിച്ചു. നേപാള്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി കൂടിയാലോചന നടത്തിയിരുന്നു. ഈ യോഗത്തിലേക്ക് ഇന്ത്യയേയും ക്ഷണിച്ചിരുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് പറഞ്ഞു. ചൈന മുന്‍കൈയ്യെടുത്ത നടത്തുന്ന ഈ നീക്കത്തെ അംഗീകരിക്കുന്നില്ലെന്നാണ് ഇന്ത്യയിലെ ഔദ്യോഗിക വൃത്തങ്ങളുടെ നിലപാട്. അയല്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ പ്രാധാന്യമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ അറിവും വൈദഗ്ധ്യവും മികച്ച മാര്‍ഗങ്ങളും പങ്കുവെക്കാനുള്ള പ്രതിബദ്ധത വ്യക്തമാക്കി കൊണ്ട് ഇന്ത്യ നിരവധി സാര്‍ക്ക് രാജ്യങ്ങളുമായി പലതവണ വെര്‍ച്വല്‍ യോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് മേഖലയുടെ വിശാല നന്മയ്ക്കാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ കോവിഡ് രണ്ടാം തരംഗം ഭീകരമാംവിധം രൂക്ഷമാകുകുയം ഓക്‌സിജന്‍ ലഭ്യതക്കുറവും അടക്കമുള്ള പ്രതിസന്ധി ഉണ്ടെങ്കിലും ഇതുവരെ ചൈനയില്‍ നിന്ന് നേരിട്ട് സഹായം തേടിയിട്ടില്ല. ചൈനയുടെ ആവര്‍ത്തിച്ചുള്ള സഹായ വാഗ്ദാനങ്ങളെ കുറിച്ചും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിക്കുന്നില്ല.
അതേസമയം ഇന്ത്യയിലെ കമ്പനികള്‍ ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടേയും മറ്റും ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനായി സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് ചൈനീസ് അംബാഡര്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അധിക ഓര്‍ഡറുകള്‍ അനുസരിച്ച് മെഡിക്കല്‍ അവശ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യാനായി ചൈനീസ് മെഡിക്കല്‍ കമ്പനികള്‍ കഠിനശ്രമത്തിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റിനായി കാല്‍ ലക്ഷം ഓര്‍ഡറുകളാണ് ഇന്ത്യയില്‍ നിന്ന് ചൈനീസ് കമ്പനികള്‍ക്ക് ലഭിച്ചത്. കാര്‍ഗോ വിമാനങ്ങള്‍ ഈ ആവശ്യത്തിന് കൂടുതലായി ഉപയോഗപ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് അംബാസര്‍ സണ്‍ പറഞ്ഞു.
ആഭ്യന്തര ഉപയോഗത്തിന് കൂടുതലായി ആവശ്യം വന്നതോടെ അയല്‍ രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ഇന്ത്യ നിയന്ത്രിക്കുക കൂടി ചെയ്ത വേളയിലാണ് ചൈന മുന്നിട്ടിറങ്ങി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംയുക്ത യോഗം വിളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ വരവ് നിലച്ചതോടെ ഇപ്പോള്‍ നേപാളും ശ്രീലങ്കയും ചൈനീസ് വാക്‌സിന്‍ മാത്രമാണ് സ്വീകരിക്കുന്നത്. തങ്ങളുടെ വാക്‌സിനേഷന്‍ പദ്ധതി മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടു പോകാന്‍ ബംഗ്ലദേശും ഇപ്പോള്‍ ചൈനയേയും റഷ്യയേയുമാണ് കൂടുതലായി ആശ്രയിക്കുന്നത്.