വാഷിങ്ടന്‍- ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ എത്രയും വേഗം ഇന്ത്യയില്‍ നിന്ന് പുറത്തു പോകണമെന്ന് പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും ഇന്ത്യയിലുള്ളവര്‍ ഉടന്‍ രാജ്യം വിടണമെന്നുമാണ് യുഎസ് വിദേശകാര്യ വകുപ്പിന്റെ ഏറ്റവും ഗൗരവമേറിയ ലെവല്‍ 4 ട്രാവല്‍ അഡൈ്വസറിയില്‍ പറയുന്നത്. ഇന്ത്യയ്ക്കു യുഎസിനുമിടയില്‍ നേരിട്ടുള്ള 14 വിമാന സര്‍വീസുകളുണ്ടെന്നും യൂറോപ്പി വഴി മറ്റു സര്‍വീസുകളും ഉണ്ടെന്നും മുന്നറിയിപ്പില്‍ യുഎസ് പൗരന്മാരെ അറിയിച്ചു.
ചികിത്സാ ഇടമില്ലാത്തതിനാല്‍ ചില നഗരങ്ങളില്‍ ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചതായി യുഎസ് പൗരന്മാര്‍ പരാതിപ്പെട്ടതായും ഇന്ത്യയിലെ യുഎസ് എംബസിയുടെ വെബ്‌സൈറ്റില്‍ ജാഗ്രതാ മുന്നറിയിപ്പും യുഎസ് നല്‍കിയിരുന്നു. ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ ലഭ്യമായ വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ യുഎസ് പൗരന്മാര്‍ക്കു നല്‍കിവന്നിരുന്ന എല്ലാ പതിവു സേവനങ്ങളും വിസ സേവനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍.
ബ്രിട്ടന്‍, യുഎഇ, കുവൈത്ത്, സിംഗപൂര്‍, ഹോങ്കോങ്, ഓസ്‌ട്രേലിയ, ഇന്തൊനേഷ്യ, കാനഡ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.