Sorry, you need to enable JavaScript to visit this website.

വാക്‌സിന്‍ കൊള്ളലാഭ വിവാദം കൊഴുക്കുന്നതിനിടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിക്ക് വൈ കാറ്റഗറി സുരക്ഷ

ന്യൂദല്‍ഹി- ലോകത്തെ തന്നെ ഏറ്റവും വലിയ വാകസിന്‍ നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനവെലക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഒരുക്കും. വിശദമായ സുരക്ഷാ ഭീഷണി അവലോകനം ചെയ്ത് ആഭ്യന്തര മന്ത്രാലയമാണ് ഈ തീരുമാമെടുത്തത്. 11 അംഗ സുരക്ഷാ ഉദ്യോഗസ്ഥരടങ്ങുന്നതാണ് വൈ കാറ്റഗറി സുരക്ഷ. ഇവരില്‍ രണ്ടു പേര്‍ കമാന്‍ഡോകളും ബാക്കി പോലീസും ആയിരിക്കും. 

കോവിഡ് വാക്‌സിന്‍ വിലയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ സുരക്ഷ ഒരുക്കിയതെന്ന് കരുതപ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ വില നിയന്ത്രണം നീക്കിയതിനു പിന്നാലെ സിറം വാക്‌സിന്‍ വില പ്രഖ്യാപിച്ചത് വന്‍തോതില്‍ ആക്ഷേപത്തിനിടയാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കു നല്‍കുന്ന ഒരു ഡോസ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് പ്രഖ്യാപിച്ചിരുന്നത്. ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വാക്‌സിന്‍ വിലയാണിതെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ വില താരതമ്യം ചെയ്ത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതോടെ വാക്‌സിന്‍ കമ്പനികളുടെ കൊള്ളലാഭം കൊയ്യാനുള്ള നീക്കത്തിനെതിരെ പൊതുജനരോഷം ഉയര്‍ന്നിരുന്നു. ഇതിനിടെ വാക്‌സിന്‍ വിലയിലെ വേര്‍ത്തിരിവ് എന്തു കൊണ്ടെന്നതിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. 

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള വില ഡോസിന് 400 രൂപ എന്നുള്ളത് 300 രൂപയാക്കി കുറച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്തു വരികയും ചെയ്തിരുന്നു. എങ്കിലും വാക്‌സിന്‍ വിലയ്‌ക്കെതിരായ പ്രതിഷേധം അടങ്ങിയിട്ടില്ല. ഈ വില കോടതി കയറിയിരിക്കുകയുമാണ്.
 

Latest News