ന്യൂദല്‍ഹി- 18നും 45നുമിടയില്‍ പ്രായമുള്ളവര്‍ വാക്‌സിനെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച ആദ്യ ദിവസം തന്നെ രാജ്യത്തൊട്ടാകെ 1.33 കോടി യുവജനങ്ങള്‍ സര്‍ക്കാരിന്റെ കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച വൈകീട്ട് നാലു മുതലാണ് യുവജനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. തുടക്കത്തില്‍ സാങ്കേതി പ്രശ്‌നം നേരിട്ടെങ്കിലും മിനിറ്റില്‍ 27 ലക്ഷം പേരാണ് സൈറ്റിലെത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരുകളുടേയും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേയും ഒഴിവുകള്‍ക്കനുസരിച്ചാണ് അവസരം ലഭിക്കുക എന്നും സര്‍ക്കാര്‍ അറിയിച്ചു. സ്ലോട്ടുകള്‍ ലഭ്യമല്ലെങ്കില്‍ ഇടയ്ക്കിടെ സൈറ്റില്‍ കയറി പരിശോധിക്കണം. കൂടുതല്‍ സ്ലോട്ടുകള്‍ ഉടന്‍ അനുവദിക്കും. ഇതു മനസ്സിലാക്കി ക്ഷമിക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
18-45 പ്രായ ഗണത്തിലുള്ളവര്‍ക്ക് മേയ് ഒന്നു മുതലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങുക. ആദ്യം കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.