അബുദാബി- കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ പേരില്‍ നീട്ടിവച്ച ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ഗള്‍ഫില്‍ തുടങ്ങി. പരീക്ഷാ ബോര്‍ഡില്‍നിന്ന് പ്രത്യേക അനുമതി എടുത്തതായി യുഎഇയിലെ പരീക്ഷാ കോഡിനേറ്റര്‍ നിതിന്‍ സുരേഷ് പറഞ്ഞു.
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയും ഇതേ മാതൃകയില്‍ മേയ് 5 മുതല്‍ നടത്താനാണ് തീരുമാനം. ഹയര്‍സെക്കന്‍ഡറി പരീക്ഷക്കായി എത്തിയ ഡപ്യൂട്ടി സൂപ്രണ്ടുമാര്‍ തിരിച്ചുപോയിത്തുടങ്ങി. എസ്.എസ.്എല്‍.സിക്കെത്തിയവര്‍ വ്യാഴാഴ്ച പരീക്ഷ തീരുന്നതോടെ മടങ്ങും.
കോവിഡ് നിയമം പാലിച്ച് യു.എ.ഇയില്‍ എട്ട് കേന്ദ്രങ്ങളിലായി 9 പേരടങ്ങുന്ന പ്രത്യേകം ബാച്ചുകളായാണ് പ്രാക്ടിക്കല്‍ പരീക്ഷ നടക്കുക. ഇവിടെ കോവിഡ് നിയന്ത്രണ വിധേയമായതിനാല്‍ പരീക്ഷ നടത്തുന്നതിന് തടസ്സമില്ല. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ വിഷയങ്ങളിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 10 വരെ തുടരും.