Sorry, you need to enable JavaScript to visit this website.

ആര്‍കെ നഗറില്‍ ഒരു വോട്ടിന്  വില 6,000 രൂപ!

ചെന്നൈ- നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ വിഐപി മണ്ഡലമായ ആര്‍കെ നഗറില്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോടികള്‍ വിതരണം ചെയ്തതായി ആരോപണം. മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷമായ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍ ആരോപിക്കുന്നത് മണ്ഡലത്തില്‍ ഇതിനകം 100 കോടി രൂപ വിതരണം ചെയ്തുവെന്നാണ്. പണം വിതരണത്തിനായി പോലീസും ഭരണകക്ഷിയായ അണ്ണാ ഡിഎംകെയെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ഏപ്രിലില്‍ പണ വിതരണത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇവിടെ വോട്ടെടുപ്പ് മാറ്റി വെച്ചിരുന്നു. ഇത്തവണയും ഈ പ്രശ്നം പഠിക്കാന്‍ കമ്മീഷന്‍ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചിരുന്നു. അന്വേഷണം നടത്തിയ വിക്രം ബത്ര ഇന്ന് കമ്മീഷനു വിശദീകരണം നല്‍കും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കമ്മീഷന്റെ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ കക്ഷികള്‍. ഏപ്രിലിലും ബത്രയെയാണ് കമ്മീഷന്‍ പണ വിതരണ ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്.

ഒരു വോട്ടിന് 6,000 രൂപ വരെ ലഭിക്കുമെന്നാണ് ഒരു ഡിഎംകെ വക്താവ് പറയുന്നത്. ഒരു തമിഴ് പത്രം നടത്തിയ സര്‍വേയില്‍ 70 ശതമാനം വോട്ടര്‍മാരും തങ്ങള്‍ക്ക് പണം ലഭിക്കുന്നതായി സമ്മതിച്ചിരുന്നു. 30 ശതമാനം മാത്രമാണ് പണം സ്വീകരിക്കില്ലെന്ന് പറയുന്നത്.

മണ്ഡലത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ചെലവ് 75 ലക്ഷം രൂപയാണ്. എന്നാല്‍ ഇതിനകം തന്നെ ആര്‍ കെ നഗറില്‍ കമ്മീഷന്‍ മൂന്ന് കോടി രൂപ ചെലവിട്ടു കഴിഞ്ഞു.  


 

Latest News