ന്യൂദല്‍ഹി- കോവിഡ് രോഗികള്‍ക്കു റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോള്‍ മാറ്റിയതില്‍ കേന്ദ്ര സര്‍ക്കാരിന് ദല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആളുകള്‍ മരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് കുറ്റപ്പെടുത്തി. ഓക്‌സിജന്‍ സപ്പോര്‍ട്ടില്‍ ഉള്ളവര്‍ക്കു മാത്രം റെംഡിസിവിര്‍ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ പ്രോട്ടോക്കോള്‍. ഇതു തെറ്റാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 'യാതൊരു യുക്തിയുമില്ലാത്ത തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ഇപ്പോള്‍ ഓക്‌സിജന്‍ കിട്ടാത്തവര്‍ക്കു റെംഡിസിവിറും കിട്ടില്ല എന്നതാണ് സ്ഥിതി. ആളുകള്‍ മരിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.' - ജസ്റ്റിസ് പ്രതിഭ അഭിപ്രായപ്പെട്ടു.കോവിഡ് ബാധിതന്‍ ആയിട്ടും റെംഡിസിവിര്‍ കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ആറു ഡോസിനു പകരം മൂന്നു ഡോസ് റെംഡിസിവിറാണ് കിട്ടിയത്. ഇതിനു കാരണം പ്രോട്ടോക്കോള്‍ മാറ്റമാണെന്ന് അഭിഭാഷകന്‍ വാദിച്ചു. കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്ന് വന്‍തോതില്‍ വിതരണം നടത്താനും അളവില്‍ കൂടുതല്‍ വാങ്ങി സൂക്ഷിക്കാനും ബിജെപി എംപിയായ ഗൗതം ഗംഭീറിന് എങ്ങനെയാണ് സാധിക്കുന്നതെന്നും ദല്‍ഹി ഹൈക്കോടതി ആരാഞ്ഞു. ഇവ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളല്ലേ? എങ്ങനെയാണ് വലിയ അളവില്‍ ഒരാള്‍ക്ക് മരുന്ന് കൈവശം വെക്കാനാകുക? ഈ മരുന്നുകള്‍ കൈകാര്യം ചെയ്യാനുള്ള ലൈസന്‍സ് ഗംഭീറിനുണ്ടോ? ഇവയ്ക്ക് ലൈസന്‍സ് ആവശ്യമില്ലേ? ഗൗതം ഗംഭീറിന്റെ മരുന്നു വിതരണം വളരെ നിരുത്തരവാദപരമാണെന്ന് ദല്‍ഹി സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ കോടതിയെ അറിയിച്ചു.