Sorry, you need to enable JavaScript to visit this website.

ഇറ്റലിയിൽ വിവാഹം നടത്തിയ കോഹ്‌ലി ദേശവിരുദ്ധനെന്ന് ബി.ജെ.പി നേതാവ്

ഭോപ്പാൽ- ഇറ്റലിയിൽ പോയി വിവാഹം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ദേശസ്‌നേഹി ആകാനാവില്ലെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ പന്ന ലാൽ ശക്യ. 'കോഹ്‌ലി പണവും പ്രശസ്തിയുമെല്ലാം ഇന്ത്യയിൽ നിന്നു നേടിയതാണ്. എന്നിട്ട് വിവാഹം നടത്താൻ ഇറ്റലിയിൽ പോയി. ഭഗവാൻ രാമനും ഭഗവാൻ കൃഷ്ണനുമെല്ലാം വിവാഹം നടത്തിയത് ഈ ഭൂമിയിൽ വച്ചാണ്. കോഹ്‌ലിക്ക് ഒരിക്കലും ദേശസ്‌നേഹി ആയിരിക്കാനാവില്ല,' ശക്യ പറഞ്ഞു. 

ഇന്ത്യക്കാർക്ക് ഒരു പ്രചോദനമാകാൻ കോഹ്‌ലിക്കാവില്ല. രാജ്യത്തോട് കൂറുള്ളവർക്കും അങ്ങിനെ പ്രതിജ്ഞയെടുത്തവർക്കും മാത്രമെ ഇന്ത്യക്കാരെ പ്രചോദിപ്പിക്കാൻ അർഹതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ ഗുണയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്‌കിൽ ഇന്ത്യ കേന്ദ്രം ഉൽഘാടനം ചെയ്യവെയാണ് ഈ അഭിപ്രായപ്രകടനം. 

കോഹ്‌ലിയുടെ ഭാര്യ ബോളിവൂഡ് നടി അനുഷ്‌ക ശർമയെ കുറിച്ചും ശക്യ സമാന പ്രതികരണമാണ് നടത്തിയത്. ഇറ്റലിയിലെ നർത്തകർ ഇന്ത്യയിൽ വന്ന് കോടികൾ സമ്പാദിച്ചപ്പോൾ ഇന്ത്യയുടെ ധനം കോഹ്‌ലി രാജ്യത്തിനു പുറത്തേക്കു കൊണ്ടു പോയെന്നും ശക്യ ആരോപിച്ചു. 

ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതമാണ് എം.എൽ.എയുടെ പ്രതികരണങ്ങളെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചു. 'ഗുജറാത്തിൽ നിന്നുള്ള സന്ദേശം വ്യക്തമാണ്. ദേശീയത എന്ന വിഷയം ഉയർത്തിക്കാട്ടാതെ മധ്യപ്രദേശിൽ പിടിച്ചു നിൽക്കാനാവില്ലെന്ന് അവരിപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. അവരുടെ പരമോന്നത നേതാവ് ഒരു മുൻ സൈനിക മേധാവിയുടേയും മുൻ പ്രധാനമന്ത്രിയുടേയും മുൻ രാഷ്ട്രപതിയുടേയും സത്യസന്ധതയെ ചോദ്യം ചെയ്ത് സമൂഹത്തെ ഭിന്നിപ്പിച്ചാണ് ഗുജറാത്തിൽ വോട്ടു നേടിയത്,' മധ്യപ്രദേശ് കോൺഗ്രസ് വക്താവ് പങ്കജ് ചുതർവേദി പറഞ്ഞു.
 

Latest News