ജനീവ- ഇന്ത്യയില്‍ ജനങ്ങള്‍ കൂട്ടമായി ആശുപത്രിയിലേക്ക് ഇടിച്ചു കയറുന്നതാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. വലിയ ആള്‍ക്കൂട്ടങ്ങളും അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും വാക്‌സിനേഷന്‍ മന്ദഗതിയില്‍ ആയതും കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസാറെവിക് പറഞ്ഞു.
15 ശതമാനത്തില്‍ താഴെ കോവിഡ് ബാധിതര്‍ക്ക് മാത്രമേ ആശുപത്രിയില്‍ പരിചരണം ആവശ്യമായി വരുന്നുള്ളു. ഹോം ക്വാറന്റീനെപ്പറ്റിയുള്ള അജ്ഞത കാരണം ആളുകള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ എത്തുന്നത് രോഗവ്യാപന സാധ്യത വര്‍ധിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുന്നു താരിക് ജസാറെവിക് പറഞ്ഞു.
വലിയ ജനക്കൂട്ടം അനുവദിക്കുക, വളരെ കുറച്ചു പേര്‍ക്കു മാത്രം വാക്‌സിനേഷന്‍ ലഭ്യമാക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം തുടങ്ങിയവ ഏത് രാജ്യത്തും സ്ഥിതിഗതികള്‍ വഷളാകാന്‍ മാത്രമേ ഉപകരിക്കൂ. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്കു വേണ്ട മുഴുവന്‍ പിന്തുണയും ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ടെന്നും 4000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ അടക്കമുള്ളവയാണ് നല്‍കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കൃത്യമായ ഉപദേശമോ വിവരങ്ങളോ ലഭിക്കാത്തതു കൊണ്ട് മാത്രമാണ് ആളുകള്‍ കൂട്ടമായി ആശുപത്രിയില്‍ എത്തുന്നത്. ഗുരുതര രോഗമില്ലാത്തവരോട് വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗം. ഹോട്ട്‌ലൈന്‍ സംവിധാനം, ഡാഷ്‌ബോര്‍ഡുകള്‍ എന്നിവ ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് തത്സമയം വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്.