ന്യൂദൽഹി- മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് മുറിവേറ്റെന്ന് മെഡിക്കൽ റിപ്പോർട്ട്. ആരോഗ്യനില സംബന്ധിച്ച് യു.പി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അതേസമയം, കോവിഡ് മുക്തനായ കാപ്പനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് തന്നെ മാറ്റിയെന്നും റിപ്പോർട്ടിലുണ്ട്. സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഇന്നലെ യു.പി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധിച്ച് 21ാം തിയതിയാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആ സമയത്ത് ശരീരത്തിൽ മുറിവുണ്ടായിരുന്നെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കാപ്പൻ കോവിഡ് ബാധിതനായിരുന്നുവെന്നും ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിലുണ്ട്. എന്നാൽ സിദ്ദിഖ് കാപ്പന് ഗുരുതരമായി പരിക്കേറ്റുവെന്നും തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. കാപ്പൻ ആരോഗ്യവാനാണ് എന്ന് യു.പി സർക്കാർ പറഞ്ഞിട്ടില്ല. കോവിഡ് നെഗറ്റീവാണ് എന്നാണ് പറഞ്ഞത്. വാഷ്‌റൂമിൽ വീണാണ് ശരീരത്തിൽ മുറിവേറ്റത്. അതിനെ കുറിച്ചൊന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ വിൽസ് മാത്യു പറഞ്ഞു. സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ നൽകണം എന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്.