Sorry, you need to enable JavaScript to visit this website.

ഹൂത്തി നേതാവ് കോവിഡ് ബാധിച്ച് മരണപ്പെട്ടു

മേജർ ജനറൽ യഹ്‌യ അൽശാമി

റിയാദ്- യെമനിലെ ഹൂത്തി നേതാവ് മേജർ ജനറൽ യഹ്‌യ മുഹമ്മദ് അൽശാമി കൊറോണ ബാധിച്ച് മരണപ്പെട്ടതായി ഹൂത്തികൾ ഔദ്യോഗികമായി അറിയിച്ചു. മേജർ ജനറൽ യഹ്‌യ അൽശാമി മരണപ്പെട്ടതായി കഴിഞ്ഞ മാസം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഹൂത്തികൾ സ്ഥിരീകരിച്ചിരുന്നില്ല. മേജർ ജനറൽ യഹ്‌യ അൽശാമിയും ഭാര്യയും മകനും കൊറോണ ബാധിച്ച് മരണപ്പെട്ടതായി ഹൂത്തികൾ അറിയിച്ചു. 


എന്നാൽ ഹൂത്തികളുടെ പ്രഖ്യാപനത്തിൽ യെമനി ആക്ടിവിസ്റ്റുകൾ സംശയം പ്രകടിപ്പിച്ചു. മേജർ ജനറൽ യഹ്‌യ അൽശാമിയുടെ വീട്ടിൽ വെച്ച് നടന്ന ഹൂത്തി നേതാക്കളുടെ ഉന്നതതല യോഗത്തിനിടെ ആഭ്യന്തര കലഹംമൂലം ഇദ്ദേഹത്തെയും കുടുംബത്തെയും എതിരാളികൾ വകവരുത്തുകയായിരുന്നെന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞു. യെമനിൽ നടപ്പാക്കണമെന്ന് ഇറാൻ വാശിപിടിക്കുന്ന ചില ആശയങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചിലരുടെ വിയോജിപ്പാണ് മേജർ ജനറൽ യഹ്‌യ അൽശാമിയുടെയും കുടുംബാംഗങ്ങളുടെയും വധത്തിലേക്ക് നയിച്ചതെന്നും ഇവർ പറഞ്ഞു. സംഘർഷത്തിനിടെ യഹ്‌യ അൽശാമിയുടെ ഭാര്യയും മകനും കൊല്ലപ്പെടുകയും ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആഴ്ചകളോളം തീവ്രപരിചരണ വിഭാഗത്തിൽ മരണവുമായി മല്ലടിച്ച ശേഷമാണ് മേജർ ജനറൽ യഹ്‌യ അൽശാമി അന്ത്യശ്വാസം വലിച്ചതെന്നും ആക്ടിവിസ്റ്റുകൾ പറഞ്ഞു. 
സഖ്യസേന പുറത്തിറക്കിയ പിടികിട്ടാപ്പുള്ളികളായ ഹൂത്തി ഭീകരരുടെ പട്ടികയിൽ 11 - ാമനായിരുന്നു മേജർ ജനറൽ യഹ്‌യ അൽശാമി. ഇയാളെ ജീവനോടെയോ അല്ലാതെയോ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് സഖ്യസേന രണ്ടു കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. 2017 നവംബറിൽ സഖ്യസേന പുറത്തുവിട്ട പട്ടികയിൽ 40 ഹൂത്തി നേതാക്കളെയാണ് ഉൾപ്പെടുത്തിയിരുന്നത്. 


 

Latest News