തലശ്ശേരി- മൻസൂർ വധക്കേസിൽ ഒരാൾകൂടി കസ്റ്റഡിയിൽ. ബോംബ് നിർമിച്ചതെന്ന് സംശയിക്കുന്ന മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് മൻസൂറിനെ കൊലപ്പെടുത്തിയ സംഘത്തിന് ബോംബ് നൽകിയതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ബോംബ് എറിഞ്ഞാണ് കൊലപ്പെടുത്തിയിരുന്നത.് ബോംബേറിൽ രക്തം വാർന്ന് പോയതാണ് മൻസൂറിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിൽ ഇതുവരെ ഒമ്പത് പ്രതികൾ പിടിയിലായി. എട്ട് പ്രതികളെ നേരത്തെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസട്രേട്ട് കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിലെ ഏഴ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബോംബ് നിർമിച്ച പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത.് തെരഞ്ഞെടുപ്പ് ദിവസം രാത്രി എട്ടേകാൽ മണിയോടെയാണ് മൻസൂറിനെ വീടിന് സമീപം വെച്ച് കൊലപ്പെടുത്തിയത.് സംഭവത്തിൽ മൻസൂറിന്റെ സഹോദരനും പരിക്കേറ്റിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വിക്രമനാണ് കേസ് അന്വേഷണം നടത്തുന്നത.്