വാഷിംഗ്ടൺ- മുന്നേറുന്ന ആഗോള ശക്തി ആയുള്ള ഇന്ത്യയുടെ വളർച്ച യു.എസ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ദേശീയ സുരക്ഷാ നയരേഖ. ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയേയും കൂട്ടി ചതുർകക്ഷി സഹകരണം മെച്ചപ്പെടുത്തുമെന്നും യു.എസ് വ്യക്തമാക്കുന്നു. യു.എസിന്റെ കരുത്തുറ്റ നയതന്ത്ര, പ്രതിരോധ പങ്കാളിയായും ഇന്ത്യ മാറിയതായും ഈ രേഖയിൽ പറയുന്നു. ഭീകരത അമർച്ച ചെയ്യുന്നതിന് ഇനിയുമേറെ മുന്നോട്ടു പോകാൻ പാക്കിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തുമെന്നും രേഖയിലുണ്ട്. ചൈനയേയും റഷ്യയേയുമാണ് യു.എസിനോട് മത്സരിക്കുന്ന ശക്തികളായി വിശേഷിപ്പിച്ചിട്ടുള്ളത്.
യു.എസിന്റെ മൂന്ന് പ്രധാന ഭീഷണികൾ രേഖയിൽ വ്യക്തമാക്കുന്നു. 'തിരുത്തൽ ശക്തികളായ' ചൈനയും റഷ്യയും 'ദുഷ്ട ശക്തികളായ' ഉത്തര കൊറിയയും ഇറാനും രാജ്യാന്തര ഭീകര സംഘടനകളുമാണ് ഇവ. രാജ്യാന്തര ഭീകര സംഘടനകളും പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദികളും യു.എസിന് എപ്പോഴും ഭീഷണിയാണ്. ഇന്ത്യ പാക്കിസ്ഥാൻ സൈനിക ഏറ്റുമുട്ടൽ ആണവ യുദ്ധത്തിലേക്കു നയിച്ചേക്കാമെന്നും യു.എസ് സുരക്ഷാ നയരേഖയിൽ പറയുന്നു.
പാക്കിസ്ഥാൻ ഭീകരവാദത്തെ തടയുന്നതിന് നിശ്ചയദാർഢ്യമുള്ള നടപടികൾ സ്വീകരിക്കണമെന്നും യു.എസ് നൽകുന്ന സാമ്പത്തിക സഹായത്തിന്റെ ഫലം വേണമെന്നും രേഖ പ്രകാശനം ചെയ്യവെ ട്രംപ് പറഞ്ഞു.