Sorry, you need to enable JavaScript to visit this website.

വേറിട്ട സകാത്തുമായി കോടീശ്വരന്‍, 85 ലക്ഷം രൂപയുടെ ഓക്സിജന്‍ നല്‍കി

പ്യാരേ ഖാന്‍

നാഗ്പൂര്‍- കോവിഡ് രണ്ടാം തരംഗത്തില്‍ ആശുപത്രികളില്‍ ബെഡുകളും ഓക്‌സിജനും കിട്ടാതെ ജനങ്ങള്‍ വലയുമ്പോള്‍ ചില നല്ല മനുഷ്യര്‍ കണക്കൊന്നും നോക്കാതെ മനുഷ്യരുടെ ജീവന്‍ നിലനിര്‍ത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നു.


മുംബൈ സ്വദേശിയായ ഷാനവാസ് ശൈഖ് തന്റെ  എസ് യു വി വിറ്റ് 22 ലക്ഷം രൂപ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ നല്‍കിയ വാര്‍ത്തക്കു പിന്നാലെ നാഗ്പൂരില്‍നിന്ന് പ്യാരേ ഖാന്‍ എന്നയാള്‍ 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിച്ചതിനുള്ള 85 ലക്ഷം രൂപ വേണ്ടെന്നു വെച്ചിരിക്കയാണ്. നാരങ്ങ വില്‍പനയില്‍ തുടങ്ങി സ്വപ്രയത്നത്തിലൂടെ  വലിയ കമ്പനി സ്ഥാപിച്ച കോടീശ്വരനാണ് പ്യാരേ ഖാന്‍ എന്ന ഈ നല്ല മനസ്സിന്‍റെ ഉടമ.


ഓക്‌സിജന്‍ എത്തിച്ചതിനുള്ള പണം നല്‍കാന്‍ അധികൃതര്‍ തയാറായപ്പോള്‍ അത് തന്റെ സക്കാത്താണെന്ന് കണക്കുകൂട്ടിയാല്‍ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ മറുപടി. മുസ്ലിംകള്‍ സമ്പത്തില്‍നിന്ന് നല്‍കുന്ന നിര്‍ബന്ധ ദാനമാണ് സക്കാത്ത്.


പ്രതിസന്ധി ഘട്ടത്തില്‍ താന്‍ നടത്തുന്ന മാനുഷിക സേവനമാണിതെന്ന് പ്യാരേഖാന്‍ പറഞ്ഞു.
ഓക്‌സിജന്‍ സംഭാവന സമുദായങ്ങള്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും എത്തുമെന്നും ആവശ്യമാണെങ്കില്‍ ബ്രസ്സല്‍സില്‍നിന്ന് ടാങ്കറുകള്‍ വിമാന മാര്‍ഗം എത്തിക്കാനും തയാറാണെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.


1995 ല്‍ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനു പുറത്ത് നാരങ്ങ വില്‍പന തുടങ്ങിയ പ്യാരേഖാന്‍ ഇപ്പോള്‍ 400 കോടി രൂപയുടെ മൂലധനമുള്ള കമ്പനിയുടെ ഉടമയാണെന്നു കൂടി അറിയുക.


കോവിഡ്: സര്‍ക്കാര്‍ നിര്‍ദേശങ്ങളെ വര്‍ഗീയമായി കാണരുത്, വിവേകത്തോടെ നേരിടണം-കാന്തപുരം

 

Latest News