റിയാദ് - സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്ന സ്ഥലങ്ങളില്‍ കാഴ്ചക്കാരായി പോകരുതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പ്രവാസി മലയാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കേസുകളില്‍ പ്രതിയല്ലെങ്കിലും രേഖകളെല്ലാം കൈവശമുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്ന സ്ഥലങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഭാഷയറിയാത്തത് പലര്‍ക്കും പ്രശ്‌നമാകാറുണ്ട്. അഥവാ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ കോടതിയിലെത്തുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെ അറിയിച്ച് നിയമസഹായം ഉറപ്പുവരുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
മദ്യ നിര്‍മാണ കേന്ദ്രം റെയ്ഡ് ചെയ്യുന്നതിനിടെ പോലീസ് പിടിയിലായ മലയാളിക്ക് 11 മാസം ജയില്‍ ശിക്ഷയും ചാട്ടയടിയും വിധിച്ച പശ്ചാത്താലത്തിലാണ് സാമൂഹിക പ്രവര്‍ത്തകരുടെ ജാഗ്രതാ നിര്‍ദേശം. റെയ്ഡ് നടക്കുന്ന സ്ഥലത്തെത്തി പോലീസ് പിടിയിലായ പാലക്കാട് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കോടതി തടവും ചാട്ടയടിയും വിധിച്ചത്. അപ്പീല്‍ നല്‍കാന്‍ കോടതി ഒരു മാസം സാവകാശം അനുവദിച്ചിട്ടുണ്ട്.
ആറു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബത്ഹയില്‍ താമസിക്കുന്ന ഫ് ളാറ്റിന്റെ താഴെ നിലയിലെ റൂമില്‍ റെയ്ഡ് നടക്കുന്നതിനിടെ അവിടേക്ക് ചെന്ന ഇയാള്‍ പിടിയിലാകുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് റെയ്ഡിനെത്തിയിരുന്നത്.
പോലീസ് റെയ്ഡ് നടക്കുന്നുണ്ടെന്നും അങ്ങോട്ട് പോകരുതെന്നും റൂമിലെ സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ ചാരായം കുടിക്കാറില്ലെന്നും പോകുന്നതിന് തടസ്സമില്ലെന്നും പറഞ്ഞ് പോയ ഇയാളെ മദ്യനിര്‍മാണത്തില്‍ ഏര്‍പ്പെട്ട മൂന്നു പേരോടൊപ്പം പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി.
ആദ്യം ബത്ഹ പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് മലസ് ജയിലിലേക്കും പിന്നീട് അല്‍ഹായിര്‍ ജയിലിലേക്കും ഇവരെ മാറ്റി. ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മലയാളിയുടെ കേസില്‍ വാദം കേട്ടത്. ചാരായം വാറ്റി കുടിച്ചുവെന്നാണ് ഇയാളടക്കം നാലുപേര്‍ക്കെതിരായ കുറ്റം. ശിക്ഷക്ക് ശേഷം നാടുകടത്തും.
പാലക്കാട് സ്വദേശിക്ക് നിയമ സഹായം നല്‍കാന്‍ റിയാദ് മലപ്പുറം കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ടെങ്കിലും അപ്പീലില്‍ പോകാന്‍ ഇയാള്‍ സമ്മതിച്ചിട്ടില്ല.
അപ്പീല്‍ പോയി കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചാല്‍ മാപ്പ് ലഭിച്ചേക്കുമെന്ന് സിദ്ദീഖ് പറയുന്നു. എന്നാല്‍ അപ്പീല്‍ പോയാല്‍ കേസ് നടപടി നീണ്ടുപോകുമെന്നുമാണ് ശിക്ഷ വിധിക്കപ്പെട്ട മലയാളിയുടെ വാദം.
കേസിലിടപെട്ട് ആവശ്യമായ സഹായം ചെയ്യാന്‍ സ്‌പോണ്‍സറും തയാറാണെന്നു പറയുന്നു.