Sorry, you need to enable JavaScript to visit this website.

സ്മൃതി ഇറാനി ഗുജറാത്ത്  മുഖ്യമന്ത്രിയാകും? 

 ന്യൂദല്‍ഹി- തുടര്‍ച്ചയായി ആറാം തവണയും ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞ ബിജെപി ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രി തേടുന്നതായി റിപ്പോര്‍ട്ട്. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച മുഖ്യമന്ത്രി വിജയ് രൂപാനിയെ ബിജെപി ഇത്തവണ മാറ്റി നിര്‍ത്തിയേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുള്ള ഒരു നേതാവിനെയാണ് പാര്‍ട്ടി തെരയുന്നത്. ചില പേരുകള്‍ പരിഗണനയിലുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഏറെ അടുപ്പമുള്ള മന്ത്രിമാരില്‍ ഒരാളും മികച്ച നേതൃപാടവവുമുള്ള നേതാവായാണ് സമൃതിയെ വിലയിരുത്തുന്നത്. ഗുജറാത്തി നന്നായി വഴങ്ങുന്ന സ്മൃതി മുഖ്യമന്ത്രിയായാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് പറയപ്പെടുന്നത്.

കേന്ദ്ര ഗതാഗത സഹമന്ത്രി മന്‍സുഖ് എല്‍ മാണ്ഡവ്യയ്ക്കാണ് രണ്ടമതായി സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സൗരാഷ്ട്ര മേഖലയില്‍ നിന്നുള്ള പട്ടിദാര്‍ നേതാവാണ് മാണ്ഡവ്യ. കര്‍ഷകരോട് വളരെ അടുപ്പമുള്ള ബിജെപി നേതാവായാണ് മാണ്ഡവ്യ അറിയപ്പെടുന്നത്. 

കര്‍ണാടക ഗവര്‍ണറും മുന്‍ ഗുജറാത്ത് അസംബ്ലി സ്പീക്കറുമായ വജുഭായ് വാലയാണ് പട്ടികയില്‍ മുന്നാമത്. ഗുജറാത്തിലെ മുന്‍ ബിജെപി സര്‍ക്കാരുകളില്‍ ധനകാര്യം, തൊഴില്‍ അടക്കം വിവിധ വകുപ്പുകളില്‍ മന്ത്രിയായ അനുഭവ സമ്പത്തും വാലയ്ക്കുണ്ട്. 

Latest News