വീറ്റോ ചെയ്താലും യു.എന്‍ പൊതുസഭയില്‍ അമേരിക്ക ഒറ്റപ്പെടും

ഈജിപ്തില്‍ പ്രവേശിക്കാനുള്ള അനുമതിക്കായി ഗാസയിലെ റഫാ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നവരില്‍ സങ്കടവും കരച്ചിലും അടക്കാനാവാതെ ഒരു ഫലസ്തീനി സ്ത്രീ. രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാന്‍ നാലു ദിവസത്തേക്കാണ് ഈജിപ്ത് അതിര്‍ത്തി തുറന്നത്.

റാമല്ല- ജറൂസലം ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിച്ചതിനെതിരായ പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക വീറ്റോ ചെയ്താല്‍ യു.എന്‍ പൊതുസഭയുടെ  സഹായം തേടുമെന്ന് ഫലസ്തീന്‍ വിദേശ മന്ത്രി റിയാദ് അല്‍ മാലികി പറഞ്ഞു.
ജറൂസലം തലസ്ഥാനമായി അംഗീകരിക്കുന്ന യു.എസ് തീരുമാനം നിരാകരിക്കുന്ന പ്രമേയം രക്ഷാസമിതിയില്‍ അവര്‍ വീറ്റോ ചെയ്യുമെന്ന് ഉറപ്പാണ്. തിങ്കളാഴ്ച രാത്രി വൈകിയാണ് രക്ഷാസമിതിയില്‍ വോട്ടെടുപ്പ് നടക്കുക. ഈജിപ്ത് കൊണ്ടുവന്നതാണ് കരടു പ്രമേയം.
യു.എസ് അംബാസഡര്‍ നിക്കി ഹാലി പ്രമേയം വീറ്റോ ചെയ്താല്‍ പൊതുസഭയുടെ സഹായം തേടുകയല്ലാതെ വേറെ വഴിയില്ലെന്ന് റിയാദ് അല്‍ മാലികി പറഞ്ഞു. വീറ്റോ പ്രയോഗിക്കുന്നത് അഭിമാനമായും കരുത്തായുമാണ് അവര്‍ കരുതുന്നതെങ്കില്‍ യു.എസ് നിലപാട് ഒറ്റപ്പെട്ടതാണെന്നും അന്താരാഷ്ട്ര പിന്തുണയില്ലെന്നും വ്യക്തമാക്കാന്‍ പൊതുസഭക്ക് കഴിയും- ഫലസ്തീന്‍ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
യു.എന്‍ പൊതുസഭ ചൊവ്വാഴ്ച പ്ലീനറി സമ്മേളനം ചേരുമെന്നാണ് കരുതുന്നത്. ഇതില്‍ ഫലസ്തീനികളുടെ സ്വയംനിര്‍ണയാവകാശമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രക്ഷാസമിതിയില്‍ അഞ്ച് സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അധികാരമുണ്ടെങ്കിലും പൊതുസഭയില്‍ വീറ്റോ പ്രയോഗിക്കാന്‍ കഴിയില്ല.
അന്താരാഷ്ട്ര സമവായം ലംഘിച്ചുകൊണ്ട് ഈ മാസം ആറിനാണ് ജറൂസലം ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്നും യു.എസ് എംബസി ടെല്‍അവീവില്‍നിന്ന് അങ്ങോട്ട് മാറ്റുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര സമൂഹം മുഴുവന്‍ അപലപിച്ച ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണ് തുടരുന്നത്. ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷ ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിസന്ധി ഉടലെടുത്തിരിക്കെ, യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ബുധനാഴ്ച ഇസ്രായില്‍ സന്ദര്‍ശിക്കുന്നുണ്ട്. ജറൂസലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പെന്‍സുമായി നിശ്ചയിച്ച കൂടിക്കാഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് ഉപേക്ഷിച്ചിട്ടുണ്ട്. സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ചര്‍ച്ച നടത്താന്‍ അബ്ബാസ് റിയാദിലേക്ക് വരികയാണ്. ട്രംപിന്റെ വിവാദ പ്രഖ്യാപനത്തിനെതിരെ മുസ്്‌ലിം ലോകം ഒന്നിച്ചുനില്‍ക്കണമെന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷം ആദ്യമായി ഇന്നലെ രാത്രി ഫലസ്തീന്‍ നേതൃത്വം യോഗം ചേര്‍ന്നു. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാവി തലസ്ഥാനമായി കിഴക്കന്‍ ജറൂസലമിനെയാണ് തീരുമാനിച്ചിരുന്നത്. 1967 ല്‍ നടന്ന യുദ്ധത്തിലാണ് ഇസ്രായില്‍ കിഴക്കന്‍ ജൂറസലമില്‍ അധിനിവേശം നടത്തിയത്. തുടര്‍ന്ന് ജറൂസലം മുഴുവനായും തലസ്ഥമാനമാക്കാന്‍ നീക്കം ആരംഭിക്കുകയായിരുന്നു.

 

Latest News