മാനന്തവാടി -കടകളില്‍ മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലം പാലിക്കലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തലും നിര്‍ബന്ധമാക്കിയ അധികൃതര്‍ മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വീഴ്ചവരുത്തുവെന്നു പരാതി. ഒരേസമയം നൂറിലധികം പേര്‍ തൊട്ടുരുമ്മി വരിനില്‍ക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കാണാനായത്. രണ്ടു ദിവസത്തെ അവധിക്കു ശേഷം ഇന്നു ഔട്ട്‌ലെറ്റ് വീണ്ടും തുറക്കുമ്പോള്‍ ഈ സ്ഥിതി തുടരുന്നതു വിപത്തിനു കാരണമാകുമെന്നു അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ക്യൂ നൂറുമീറ്ററലധികം നീണ്ടപ്പോള്‍ നാട്ടുകാര്‍ പരിതിപ്പെട്ടെങ്കിലും പോലീസ് നടപടി ഉണ്ടായില്ല.
വള്ളിയൂര്‍ക്കാവ് റോഡിലെ കെട്ടിടത്തിലാണ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ഔട്ട്‌ലെറ്റിലേക്കു പ്രവേശിക്കാനുള്ള ഗോവണിപ്പടിയിലുള്‍പ്പെടെ ആളുകള്‍ കൂട്ടംകൂടിയാണ് നില്‍ക്കുന്നത്. തിരക്കൊഴിവാക്കുന്നതിനു ആവശ്യത്തിനു ജീവനക്കാരെ നിയോഗിക്കാനും കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും ബിവറേജ്‌സ് കോര്‍പറേഷന്‍ തയാറാകുന്നില്ല. ഔട്ട്‌ലെറ്റ് പരിസരത്തു വാഹന പാര്‍ക്കിംഗിനു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നടപ്പാകുന്നില്ല.