Sorry, you need to enable JavaScript to visit this website.

റോഹിംഗ്യ ഗ്രാമങ്ങള്‍ മ്യാന്‍മര്‍ സേന വീണ്ടും കത്തിച്ചു

ബംഗ്ലാദേശിലെ കോക്‌സസ് ബസാര്‍ ബാലുഖലി ക്യാമ്പില്‍ സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകുന്നതിന് മയ്യിത്ത് കട്ടില്‍ എത്തിച്ചപ്പോള്‍.

40 ഗ്രാമങ്ങളിലെ വീടുകള്‍ അഗ്നിക്കിരയാക്കിയത് അഭയാര്‍ഥി പുനരധിവാസത്തിന് ബംഗ്ലാദേശുമായി ധാരണാപത്രം ഒപ്പിട്ടതിനുശേഷം

യാങ്കൂണ്‍- റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുനരവധിവസിപ്പിക്കുന്നതിന് മ്യാന്‍മര്‍ സര്‍ക്കാരും ബംഗ്ലാദേശും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയതിനു പിന്നലെ മ്യാന്‍മര്‍ സേന ഡസന്‍കണക്കിന് റോഹിംഗ്യന്‍ വീടുകള്‍ കത്തിച്ചതായി ഹ്യൂമന്‍ റൈറ്റസ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യൂ) വെളിപ്പെടുത്തി.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 40 ഗ്രാമങ്ങളിലെ കെട്ടിടങ്ങളാണ് തകര്‍ത്തതെന്ന് ഉപഗ്രഹങ്ങള്‍ വഴി ലഭിച്ച ചിത്രങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് മനുഷ്യാവകാശ സംഘടന പറഞ്ഞു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റിനുശേഷം ഭാഗികമായോ പൂര്‍ണമായോ തകര്‍ത്ത മ്യാന്‍മര്‍ ഗ്രാമങ്ങളുടെ എണ്ണം 354 ആയി.
ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ മ്യാന്മറില്‍ പുനരധിവസിപ്പിക്കുന്നതിന് നവംബര്‍ 23 നാണ് ഇരു സര്‍ക്കാരുകള്‍ തമ്മില്‍ ധാരണാപത്രം ഒപ്പിട്ടത്. ഇതേ ആഴ്ച തന്നെയാണ് ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ തീവെച്ച് നശിപ്പിച്ചതെന്ന് എച്ച്.ആര്‍.ഡബ്ല്യൂ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭയാര്‍ഥികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്ന് പുനരധിവസിപ്പിക്കാമെന്ന് മ്യാന്‍മര്‍ ബംഗ്ലാദേശിനോട് വ്യക്തമാക്കിയത് വെറും പ്രചാരണത്തിനും മുഖം രക്ഷിക്കാനും വേണ്ടിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കരാറിനു തൊട്ടുടനെ ബര്‍മീസ് സേന വീടുകള്‍ക്ക് തീയിട്ട സംഭവമെന്ന് എച്ച്.ആര്‍.ഡബ്ല്യൂ ഏഷ്യാ ഡയരക്ടര്‍ ബ്രാഡ് ആദംസ് പറഞ്ഞു.
മ്യാന്‍മര്‍ സൈന്യത്തിന്റേയും ബുദ്ധ സായുധ സംഘങ്ങളുടേയും ക്രൂരമായ ആക്രമണങ്ങളെ തുടര്‍ന്ന് നാടുവിട്ട് ബംഗ്ലാദേശില്‍ അഭയം തേടിയവരെ അവരുടെ വീടുകളില്‍ തന്നെ താമസിപ്പിക്കുമെന്നും അതിനു മുന്നോടിയായി അവര്‍ക്ക് താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ ഒരുക്കുമെന്നുമായിരുന്നു മ്യാന്‍മര്‍ അധികൃതര്‍ ബംഗ്ലാദേശുമായി ഒപ്പുവെച്ച ധാരണാപത്രത്തില്‍ പറഞ്ഞിരുന്നത്. അഭയാര്‍ഥികളുടെ സുരക്ഷിത മടക്കയാത്ര സംബന്ധിച്ച് മ്യാന്മര്‍ നല്‍കിയ ഉറപ്പ് ഒട്ടും ഗൗരവത്തോടെയല്ല.
ഓഗസ്റ്റ് 25 ന് റോഹിംഗ്യ തീവ്രവാദികള്‍ ആക്രമിച്ചുവെന്ന് ആരോപിച്ചാണ് മുസ്്‌ലിം ന്യൂനപക്ഷം താമസിക്കുന്ന വടക്കന്‍ സ്റ്റേറ്റായ റാഖൈനില്‍ മ്യാന്മര്‍ സേന മൃഗീയ ആക്രമണം നടത്തിയത്. ബലാത്സംഗവും കൊള്ളയും കൊള്ളിവെപ്പും നടത്തിയതിനെ തുടര്‍ന്ന് 6,55,000 പേരാണ് നാട്ടില്‍നിന്ന് പലായനം ചെയ്തത്. വംശീയ ഉന്മൂലനമാണ് റാഖൈന്‍ പ്രവിശ്യയില്‍ നടന്നതെന്ന് യു.എന്നും അമേരിക്കയും കുറ്റപ്പെടുത്തിയിരുന്നു.
രാജ്യാന്തര സമൂഹത്തിന്റെ കടുത്ത സമ്മര്‍ദത്തിനൊടുവിലാണ് ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സിവിലിയന്‍ സര്‍ക്കാര്‍ രണ്ടു മാസത്തിനകം പുനരധിവാസം ആരംഭിക്കാമെന്ന് ബംഗ്ലാദേശ് സര്‍ക്കാരുമായി ധാരണയിലെത്തിയത്. എന്നാല്‍ ഈ ധാരണ ഉത്തരവാദിത്തത്തോടെ നടപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി.

http://malayalamnewsdaily.com/sites/default/files/filefield_paths/p10_bangla_rohi.jpg

ബംഗ്ലാദേശിലെ കോക്‌സസ് ബസാര്‍ അഭയാര്‍ഥി ക്യാമ്പിനു സമീപം ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന റോഹിംഗ്യന്‍ വംശജര്‍.

ഹൃദയശൂന്യമായ ഒരു കളിയിലാണ് മ്യാന്മര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സൂചിയും അവരുടെ സംഘവും ഒപ്പുവെച്ച അഭയാര്‍ഥി പുനരധിവാസ ധാരണയില്‍ മടങ്ങുന്നവരെ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്ന വ്യവസ്ഥകളില്ല. അതേസമയം തന്നെ, മടങ്ങിയെത്തുന്ന റോഹിംഗ്യകള്‍ താമസിക്കേണ്ട വീടുകള്‍ കത്തിച്ച് ഇല്ലാതാക്കാനുള്ള യത്‌നം സൈന്യം തുടരുകയും ചെയ്യുന്നു- എച്ച്.ആര്‍.ഡബ്ല്യു ഏഷ്യാ ഡിവിഷന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഫില്‍ റോബേര്‍ട്‌സണ്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതിനിടെ, വടക്കന്‍ റാഖൈനില്‍ സ്ഥാപിക്കുന്ന ക്യാമ്പുകള്‍ ബഹിഷ്‌കരിക്കുമെന്ന് വിവിധ സഹായ ഏജന്‍സികള്‍ വ്യക്തമാക്കി. റാഖൈന്‍ അതിക്രമത്തില്‍ 7000 റോഹിംഗ്യന്‍ വംശജരാണ് കൊല്ലപ്പെട്ടതെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേര്‍സ് എന്ന സന്നദ്ധ സംഘടന കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കണക്ക് നിഷേധിക്കുന്ന സൈന്യം സിവിലിയന്‍മാരെ ആക്രമിച്ചിട്ടില്ലെന്നും അതിക്രമം കാണിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. റാഖൈനിലെ സുരക്ഷാ നടപടികള്‍ സെപ്റ്റംബര്‍ ആദ്യത്തോടെ നിര്‍ത്തിവെച്ചതായി ഓങ് സാന്‍ സൂചിയും വ്യക്തമാക്കിയിരുന്നു. സൈനിക നടപടി എത്ര ഗ്രാമങ്ങളെയാണ് ബാധിച്ചതെന്ന് പറയാനാവില്ലെന്നാണ് സര്‍ക്കാര്‍ വക്താവ് സാ ഹത്തി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചത്.

 

 

Latest News