കൂട്ടുകാർ വിളിച്ചിട്ടും പോയില്ല, കേക്കുമായി പോലീസ് യുവതിയുടെ വീട്ടില്‍

മുംബൈ- കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂട്ടുകാരോടൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ പുറത്തുപോകാതിരുന്ന യുവതിക്ക് കേക്ക് വീട്ടിലെത്തിച്ച് ആശംസ നേർന്ന് പോലീസ്.

മുംബൈ പോലീസാണ് ജനപ്രിയ നടപടിയിലൂടെ സോഷ്യല്‍ മീഡിയയെ കൈയിലെടുത്തത്. പോലീസ് സ്വീകരിച്ച നടപടിയെ ചിത്രം ഷെയർ ചെയ്തുകൊണ്ട് സമൂഹ മാധ്യമങ്ങള്‍ ആഘോഷിച്ചു.

പിറന്നാള്‍ അവിസ് മരണീയമാക്കിയതിന് മുംബൈ പോലീസിന് നന്ദി പറഞ്ഞുകൊണ്ട് സമതാ പാട്ടീലാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. മുംബൈ പോലീസ് നല്‍കിയ ഒരു ട്വീറ്റിനു സമത നല്‍കിയ കമന്‍റാണ് പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടതും ഉടന്‍ തന്നെ കേക്ക് എത്തിച്ചതും.

ജന്മദിനമായതിനാല്‍ സുഹൃത്തുക്കള്‍ പാർട്ടി ആവശ്യപ്പെടുന്നുണ്ടെന്നും കോവിഡ് കണക്കിലെടുത്ത് വീടുകളില്‍തന്നെ സുരക്ഷിതമായി കഴിയാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു സമതയുടെ കമന്‍റ്.

വിലാസം ചോദിച്ച് മനസ്സിലാക്കിയതിനു പിന്നാലെ പോലീസ് റെസ്പോണ്‍സബിള്‍ സിറ്റിസണ്‍ എന്നെഴുതിയ കേക്കുമായി വീട്ടിലെത്തുകയായിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ കൈയടി നേടാന്‍ സഹായകമാകുന്ന അവസരങ്ങളൊന്നും മുംബൈ പോലീസ് പാഴാക്കാറില്ല. കഴിഞ്ഞ വർഷം തനിച്ചു കഴിയുന്ന വയോധികനെ തേടി കേക്കുമായി എത്തിയതും അദ്ദേഹം സന്തോഷം കൊണ്ട് കരഞ്ഞതും വാർത്തയായിരുന്നു.

Latest News