ന്യൂദല്‍ഹി- കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കേന്ദ്രസര്‍ക്കാര്‍ അതിനെ കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന നിരവധി ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
ചില സംസ്ഥാനങ്ങളിലെ എം.എല്‍.എമരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം നീക്കം ചെയ്യാനാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ നിയമപരമായി തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യാ ഗവണ്‍മെന്‍റ് നിമയപരമായി നടത്തിയ അഭ്യർഥനെയെ തുടർന്ന് ചില ട്വീറ്റുകള്‍ പിടിച്ചുവെച്ചതായി ട്വിറ്റർ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.ട്വീറ്റുകള്‍ സെന്‍സർ ചെയ്യാന്‍ സർക്കാർ അടിയന്തര ഉത്തരവിടുകയായിരുന്നുവെന്ന് ഹാർവാഡ് യൂനിവേഴ്സിറ്റി പദ്ധതിയായ ലൂമെന്‍ ഡാറ്റാ ബേസിനോട് ട്വിറ്റർ വെളിപ്പെടുത്തി.
പശ്ചിമബംഗാള്‍ മന്ത്രി മൊളോയ് ഘാടക്, ജനപ്രതിനിധ് രേവ്നാഥ് റെഡ്ഢി, സിനിമാ നിർമാതാവ് അവിനാഷ് ദാസ് എന്നിവരുടേതടക്കം 21 ട്വീറ്റുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് ഈ മാസം 23 ന് നല്‍കിയ അഭ്യർഥനയെന്ന് റിപ്പോർട്ടില്‍ പറയുന്നു.
2000ലെ ഇന്‍ഫർമേഷന്‍ ടെക്നോളജി ആക്ട് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ളതാണ് കേന്ദ്രസർക്കാരിന്‍ അടിയന്തര ആവശ്യം. സാധുതയുള്ള അഭ്യർഥനകള്‍ ലഭിച്ചാല്‍ ട്വിറ്റർ നയങ്ങളുടേയും പ്രാദേശിക നിയമങ്ങളുടേയേും അടിസ്ഥാനത്തില്‍ ട്വീറ്റുകള്‍ പരിശോധിക്കാറുണ്ടെന്ന് ട്വിറ്റർ വ്യക്തമാക്കി. ട്വിറ്റർ ചട്ടങ്ങള്‍ ലംഘിക്കുന്നതാണെങ്കില്‍ ഉടന്‍ തന്നെ നീക്കം ചെയ്യും. ഏതെങ്കിലും രാജ്യത്തിന്‍റെ നിയമങ്ങള്‍ മാത്രമാണ് ലംഘിക്കുന്നതെങ്കില്‍ അഥവാ നിയമവിരുദ്ധമാണെങ്കില്‍ ആ രാജ്യത്ത് ലഭ്യമാക്കാതെ ട്വീറ്റുകള്‍ പിടിച്ചുവെക്കുമെന്നും കമ്പനി പറയുന്നു.
ഇങ്ങനെ പിടിച്ചുവെക്കുന്ന ട്വീറ്റുകളെ കുറിച്ചും ലഭിച്ച നിയമപരമായ നോട്ടീസിനെ കുറിച്ചും ബന്ധപ്പെട്ട ഉപയോക്താക്കളെ നേരിട്ട് അറിയിക്കുമെന്നും ട്വിറ്റർ വക്താവ് പറഞ്ഞു.