കോവിഡ് മഹാമാരി അതിരൂക്ഷമാകുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഭരണകൂടം അതിൽ നിന്നു ഒളിച്ചോടുന്ന കാഴ്ചയാണ് കാണുന്നത്. ഇതുവരെ രാജ്യം പിന്തുടർന്ന നയം സൗജന്യവും സാർവത്രികവുമായ വാക്‌സിനേഷനാണ്. ഇതാണ് ഇപ്പോൾ അട്ടിമറിക്കുന്നത്. പ്രതിരോധ വാക്‌സിന്റെ വില നിർണയാധികാരം മുഴുവൻ മരുന്ന് നിർമാണ കമ്പനികൾക്ക് കൈമാറാനാണ് കേന്ദ്ര സർക്കാർ തീരുമാനം. പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നായിരിക്കാം തീരുമാനം. സമീപ കാലത്ത് എല്ലാ മേഖലകളും കോർപറേറ്റ് മത്സര മൂലധനത്തിന് തുറന്നു കൊടുത്ത മോഡി സർക്കാർ കോവിഡ് പ്രതിരോധ കുത്തിവെപ്പും വിലപേശൽ വിപണിക്കു നൽകി ജനങ്ങളുടെ ജീവിതം വെച്ചു പന്താടുകയാണ്.
മറുവശത്ത് സൗജന്യ വാക്‌സിൻ സംബന്ധിച്ചു നൽകിയ ഉറപ്പ് പാലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതുപക്ഷേ എങ്ങനെ സാധ്യമാകും എന്ന സംശയം ന്യായമാണ്. പണം കൊടുത്തു വാങ്ങി മുഴുവൻ പേർക്കും വാക്‌സിൻ നൽകാൻ കേരള സർക്കാരിനാകുമെന്ന് ആരും വിശ്വസിക്കുന്നില്ല. ഈ സാഹചര്യത്തിൽ കോവിഡ് ഒരു തരത്തിലും സാമ്പത്തികമായി ബാധിക്കാത്തവർക്ക്, കിറ്റ് കൊടുത്ത പോലെ, സൗജന്യ വാക്‌സിൻ നൽകണോ എന്ന് സർക്കാർ പുനരാലോചിക്കുന്നതായിരിക്കും ഉചിതമായിരിക്കുക. വാക്‌സിൻ കമ്പനികൾ നിശ്ചയിക്കുന്ന വില അങ്ങനെ തന്നെ വിഴുങ്ങുമെന്നോ കേന്ദ്ര സർക്കാരിന്റെ ചുമതല ഏറ്റെടുക്കാൻ വിസമ്മതിക്കുന്നതിനെ കണ്ണടച്ച് അംഗീകരിക്കുമെന്നോ അല്ല സൗജന്യ വാക്‌സിൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും പുതുതായി അധികാരമെറ്റെടുക്കുന്ന സർക്കാരായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
രോഗങ്ങൾ എന്നും മുതലാളിത്തത്തിന്റെ കറവപ്പശു തന്നെയാണ്. മരുന്നുകളിലൂടെയും വാക്‌സിനുകളിലൂടെയുമൊക്കെയാണത് സാധ്യമാക്കുന്നത്. പല രോഗങ്ങൾക്കും കാരണമാകുന്നത് മുതലാളിത്ത സംവിധാനം തന്നെയാണു താനും. ആധുനിക ശാസ്ത്രത്തിന്റെ സന്തതിയെന്നവകാശപ്പെടുന്ന വൈദ്യശാസ്ത്രം രോഗത്തെ ജീവശാസ്ത്രപരമായ ഒരു വിഷയമാക്കി ചുരുക്കുന്നു. രോഗത്തിന്റെ ചരിത്രം, സാമൂഹ്യ ശാസ്ത്രം എന്നിവയെപ്പറ്റിയുള്ള അന്വേഷണങ്ങൾ അവസാനിപ്പിക്കുന്നു. അത്തരം അന്വേഷണങ്ങൾ വിപണിയുടെ സൈ്വര വിഹാരത്തെ തടയുമെന്നത് തന്നെയാണ് കാരണം. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടന്നിട്ടുണ്ട്. ബ്രിട്ടനിലെ അനുഭവമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഗ്രാമങ്ങളെ പാപ്പരാക്കിയ ആദ്യ ഘട്ടത്തിൽ അവിടെ ഗ്രാമങ്ങളിൽ പകർച്ചവ്യാധികൾ പെരുകി. നഗരങ്ങൾ വ്യാവസായികമായി സജീവമായതോടെ, തൊഴിലാളികൾ പകർച്ച രോഗങ്ങൾക്കും മലിനീകരണ രോഗങ്ങൾക്കും ഇരയായി. ഇപ്പോൾ ഭക്ഷണമടക്കം വ്യവസായവൽക്കരിക്കപ്പെട്ടതോടെ ഏവരിലും ജീവിത ശൈലീരോഗങ്ങളും കുന്നുകൂടി.
ജീവിത ശൈലീ' രോഗം എന്ന പേരു തന്നെ വളരെ ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രോഗത്തിന്റെ ഉത്തരവാദിത്തം വ്യക്തികളുടെ മാത്രം കുഴപ്പമാക്കി മാറ്റുന്ന പ്രയോഗമാണത്. ആധുനിക ലോകത്ത് ജീവിത ശൈലിയെന്നത് സർക്കാർ നയങ്ങളുടെ ബഹിർസ്ഫുരണമാണ് എന്നതാണ് മറച്ചുവെക്കുന്നത്. എന്നിട്ടാണ് വാക്‌സിനുകളും മരുന്നുകളും വിപണിയെ കീഴടക്കുന്നത്. കുറച്ചു ദിവസത്തെ ശരിയായ വിശ്രമത്താൽ മാറിപ്പോകാവുന്ന പനിക്കു പോലും വൻതോതിൽ മരുന്നു നൽകേണ്ടിവരുന്നത് അതിനാലാണ്. യൂറോപ്യൻ കോളനികളിലാകട്ടെ പരിസ്ഥിതിയിലും സമൂഹത്തിലും വരുത്തിയ മുതലാളിത്ത ഇടപെടലുകളാണ് പല രോഗങ്ങൾക്കും കാരണമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രോഗ പ്രതിരോധ ശക്തിയെ ക്ഷയിപ്പിക്കുന്ന ഭക്ഷണം, മരുന്ന്, പരിസ്ഥിതി നശീകരണം എന്നിവയെ പുനഃക്രമീകരിക്കുകയാണ് ആദ്യം വേണ്ടത്. അതേക്കുറിച്ചാരും ചർച്ച ചെയ്യുന്നതേയില്ല. കോവിഡ് അപകടകരമാകുന്നതും പ്രതിരോധ ശേഷി കുറയുന്നതിനാലാണല്ലോ. മരിക്കുന്നവരിൽ 90% ത്തിലേറെയും ഇത്തരം അവസ്ഥകൾ ഉള്ളവരെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പ്രതിരോധ ശേഷിയെ തകർക്കുന്ന ഭക്ഷണ-മരുന്നു വ്യവസായമാകട്ടെ, യുദ്ധോപകരണങ്ങളെന്ന പോലെ ആഗോള മൂലധന ശക്തികളുടെ താവളങ്ങളാണ്. അവർ തന്നെയാണ് വാക്‌സിനുകളുമായി കടന്നു വരുന്നതും. വാക്‌സിൻ ഉപയോഗിക്കരുത് എന്നല്ല പറയുന്നത്. കോവിഡിനെതിരെയുള്ള സമരമെന്നാൽ മൂലധന കേന്ദ്രീകരണത്തിന്റെ പ്രഛന്ന മാർഗങ്ങൾക്കെതിരെയുള്ള സമരമായും മാറേണ്ടതുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.
മഹാമാരികളുടെ ഉത്ഭവത്തിലും വ്യാപനത്തിലും മാത്രമല്ല അതിനോടുള്ള പ്രതികരണത്തിലും മുതലാളിത്തത്തിന്റെ ഇടപെടലുകൾ ഉണ്ടാകുന്നതായി കാണാം. ഏറ്റവും നല്ലൊരു ഉദാഹരണം 2014 ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്നു പിടിച്ച എബോളക്കെതിരെ വാക്‌സിൻ കണ്ടുപിടിക്കാൻ കാര്യമായ ശ്രമമൊന്നും ആദ്യഘട്ടങ്ങളിൽ കണ്ടില്ല. കാരണം അത് പാവപ്പെട്ട രാജ്യങ്ങളിലെ അസുഖമായിരുന്നു എന്നതായിരുന്നു. വാക്സിനുണ്ടാക്കാൻ വലിയ തോതിൽ പണം മുടക്കിക്കഴിഞ്ഞാൽ അത് തിരിച്ചുപിടിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ കമ്പനികൾക്ക് ആശങ്കയുണ്ടായി. അത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കും എന്ന സാഹചര്യം വന്നപ്പോഴാണ് വൻകിട കമ്പനികൾ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിയത്. പക്ഷേ ആ ശ്രമം നീണ്ടു പോവുകയും അവസാനം വാക്സിൻ കണ്ടെത്തുമ്പോഴേക്കും എബോള വൈറസ് വലിയ പ്രശ്നമല്ലാതായി മാറിക്കഴിയുകയും ചെയ്തു. എന്തിനേറെ, കർണാടകയിലും കേരളത്തിലും മാത്രം കാണുന്ന കുരങ്ങ് പനി കാര്യമായെടുക്കാൻ നാം തയാറായിട്ടുണ്ടോ? ഇല്ല എന്നതാണ് വസ്തുത.
കേരളത്തിലേക്കു വരാം. രാജ്യത്ത് രോഗവ്യാപനത്തിൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. പ്രാഥമികാരോഗ്യ മേഖലയുടെ ഗുണം കൊണ്ട് മരണത്തിൽ കുറവുണ്ടെന്നതാണ് നമ്മുടെ ആശ്വാസം. എന്നാലതെത്ര കാലം നീണ്ടുനിൽക്കുമെന്ന് പറയാനാകില്ല. വയോധികരുടെ ആധിക്യവും ചെറുപ്പക്കാരിലടക്കം കാണുന്ന അമിതമായ ജീവിത ശൈലീ രോഗങ്ങളും നമുക്ക് ഭീഷണിയാണ്. പ്രതിരോധ ശേഷിയിൽ നാം വളരെ പിറകിലുമാണ്. ജീവിത ശൈലീ രോഗങ്ങളിൽ അമേരിക്കയുമായാണ് കേരളത്തിന് സാമ്യം. അമേരിക്കയിൽ ഒരു വർഷം സംഭവിക്കുന്ന മരണങ്ങളിൽ മൂന്നിൽ രണ്ടും ജീവിത ശൈലീ രോഗങ്ങൾ മൂലമാണ്. കേരളത്തിൽ 52% ത്തിലേറെ മരണങ്ങളും ഇതേ രോഗങ്ങളാലാണ്. അവിടെയും ഇവിടെയും ഹൃദ്രോഗമാണ് ഒന്നാമത്തെ വില്ലൻ. അമേരിക്കയിൽ കാൻസർ സാധാരണമായിരിക്കുന്നു. കേരളത്തിലും വർഷംതോറും പുതിയ 50,000 കാൻസർ കേസുകൾ ആർ.സി.സിയിലെ മാത്രം രജിസ്റ്റർ പ്രകാരമുണ്ട്. 20,000 ത്തിലേറെ കാൻസർ മരണങ്ങളും കേരളത്തിലുണ്ട്. സംസ്ഥാനത്തെ മരണങ്ങളിൽ പകർച്ചവ്യാധികളും മറ്റുള്ളവയും കൂടി 13% മാത്രമേ ആകുന്നുള്ളൂ. 87% മരണ കാരണങ്ങളും പകർച്ചേതര വ്യാധികളാണ്. 1956 ൽ സംസ്ഥാനം രൂപം കൊള്ളുമ്പോൾ ഈ അനുപാതം തിരിച്ചായിരുന്നു. നേരത്തെയുണ്ടായ മാറ്റങ്ങളുടെ ഫലമായുണ്ടായ ആയുർദൈർഘ്യ വർധനയുടെ ഫലമായി വൃദ്ധരുടെ എണ്ണം വൻതോതിൽ വർധിച്ചു. അവരിൽ വലിയൊരു ഭാഗവും ഇത്തരം രോഗങ്ങൾക്കടിമകളാണ്. വലിയൊരു ഭാഗം കിടപ്പിലുമാണ്.
പൊണ്ണത്തടി അമേരിക്കയുടെ ഉറക്കം കെടുത്തുന്നു. ഇവിടെയും അത് ഏറിവരികയാണ്. അവിടെ സിസേറിയൻ പ്രസവം വളരെ കൂടുതലാണ്. ഇന്ത്യയിൽ കേരളമാണ് ഇതിൽ മുന്നിൽ. വന്ധ്യത ജീവിത ശൈലീ രോഗങ്ങളിൽ ചേർക്കാമെങ്കിൽ അതിലും അവരും നമ്മളും മുന്നേറുകയാണ്. പ്രമേഹ രോഗം ഇന്ത്യയാകെ 15% ആണെങ്കിൽ കേരളത്തിലത് 27% ആണ്. കരൾ, കിഡ്‌നി രോഗങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. അമേരിക്കയിൽ ഒരു വർഷം ചികിത്സക്കു വേണ്ടിവരുന്ന പണത്തിൽ 75% വും പോകുന്നത് ജീവിത ശൈലീ രോഗങ്ങൾക്കു വേണ്ടിയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യൻ ജനതയുടെ മൂന്നു ശതമാനത്തിൽ താഴെ മാത്രം വരുന്ന മലയാളികളാണ് ഇന്ത്യയിൽ വിൽക്കുന്ന അലോപ്പതി മരുന്നിന്റെ 10% വും കഴിക്കുന്നത്. വർഷം തോറും 6000-8000 കോടി രൂപ വരുന്ന ഈ മരുന്നിലേറെയും ജീവിത ശൈലീ രോഗങ്ങളുടേതാണ്.
സംസ്ഥാന സർക്കാരിന്റെ 2018 ലെ സാമ്പത്തിക അവലോകനത്തിൽ, 'മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ ജീവിത ശൈലീ രോഗികൾ വർധിക്കുന്നതിന്റെ കണക്കുകളും ആശങ്കകളും കാണാം. ഇത്തരം രോഗങ്ങളാൽ മരിക്കുന്നവരിൽ 52% പേരുടെയും പ്രായം 30 നും 59 നും ഇടയിലാണ്. പഞ്ചായത്തുകൾ മുതലുള്ള സർക്കാർ ആശുപത്രി സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും പെരുകുന്ന ജീവിത ശൈലീ രോഗങ്ങളെ നേരിടുന്നതിൽ നാം മാതൃകയാക്കുന്നത് അമേരിക്കയിലെ പോലെ തന്നെ വലിയ ആശുപത്രികൾ കെട്ടിപ്പൊക്കിയുളള ചികിത്സയിലാണ്. ഇവിടെ സ്വകാര്യ മേഖലയിൽ നക്ഷത്ര ആശുപത്രികൾ പുറ്റുപോലെ പൊങ്ങിവരാൻ കാരണമിതാണ്. ആശുപത്രികളുടെ ഇത്തരം പകൽക്കൊള്ളക്കും ഉയരുന്ന ജീവിത ശൈലീ രോഗങ്ങൾക്കും കടിഞ്ഞാണിടാനായി പുതിയ ആരോഗ്യ നയം തയാറാക്കിയ കമ്മിറ്റിയുടെ പ്രധാന ശുപാർശ, സർക്കാർ മേഖലയിൽ മരുന്നുകളും മറ്റും നൽകി ജനങ്ങളെ സഹായിക്കണമെന്നാണ്. സർക്കാർ ആശുപത്രി വഴി മരുന്നുകൾ ജീവിത ശൈലീ രോഗികൾക്ക് നൽകുന്നുണ്ട്. എന്നാലത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. മാത്രമല്ല, ജീവിത ശൈലിയിൽ കാര്യമായ അഴിച്ചുപണി നടക്കുന്നുമില്ല. അതിനാൽ തന്നെ കോവിഡടക്കമുള്ള ആധുനികകാല രോഗങ്ങൾ കേരളത്തിനു മുന്നിൽ ഉയർത്തുന്ന വെല്ലുവിളി തുടരുക തന്നെ ചെയ്യും. വാക്‌സിൻ കൊണ്ട് ഒരു പക്ഷേ ചെറിയൊരു തടയിടാമെന്നു മാത്രം.