ന്യൂദല്‍ഹി- ഒരു ഡോസിന് 150 രൂപ നിരക്കില്‍ വിറ്റാലും ലാഭമാണെന്ന് വാക്‌സിന്‍ നിര്‍മ്മാണ കമ്പനി മുതലാളി തന്നെ വ്യക്തമാക്കിയ ഓക്‌സ്ഫഡ് ആസ്ട്രസെനക വാക്‌സിന് (കോവിഷീല്‍ഡ്) ഇന്ത്യയിലെ ജനങ്ങള്‍ നല്‍കേണ്ടത് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വില. ഒറ്റ ഡോസിന് 600 രൂപ! മറ്റൊരു രാജ്യത്തും ആസ്ട്രസെനക വാക്‌സിന് ഇത്ര ഉയര്‍ന്ന വിലയില്ല. അവിടങ്ങളില്‍ സര്‍ക്കാരുകള്‍ ഇതിലും കുറഞ്ഞ വില നല്‍കി വാക്‌സിന്‍ വാങ്ങി പൊതുജനങ്ങള്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ഫാര്‍മ കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച ഈ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിയാണ്. കോവിഷീല്‍ഡ് എന്ന പേരിലാണ് സിറം ഓക്‌സ്ഫഡ് ആസ്ട്രസെനക വാക്‌സിന്‍ വിപണിയിലിറക്കുന്നത്. ഇത് ഒരു ഡോസിന് സിറം നിശ്ചയിച്ചിരിക്കുന്ന വില 600 രൂപയാണ്.
ഈ വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത് ഡോസിന് 150 രൂപ നിരക്കിലാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലുമാണ് വില്‍പ്പന നടത്തുകയെന്ന് അറിയിച്ചിരുന്നു. കമ്പനികള്‍ക്ക് അനുകൂലമായി വില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കിയതോടെ മേയ് ഒന്നു മുതല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ എടുക്കുന്നവര്‍ ഇതിന് കൂടിയ വില തന്നെ നല്‍കേണ്ടി വരും.
ഒറ്റ ഡോസിന് 400 രൂപ എന്നതും ലോകത്തെ ഉയര്‍ന്ന നിരക്കാണ്. യുഎസും ബ്രിട്ടനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇതിലും കുറഞ്ഞ വിലക്കാണ് ഈ വാക്‌സിന്‍ ആസ്ട്രസെനകയില്‍ നിന്ന് നേരിട്ട് വാങ്ങുന്നത്. സൗദി അറേബ്യ, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്കും ഡോസിന് 400 രൂപ പോലും വില വരുന്നില്ലെന്ന് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല ഈ രാജ്യങ്ങളിലെല്ലാം വാക്‌സിനേഷന്‍ പൂര്‍ണമായും സൗജന്യവുമാണ്.