ന്യൂദല്‍ഹി- അയോധ്യയിലെ ബാബ്‌രി മസ്ജിദ് ഭൂമിതര്‍ക്കത്തില്‍ നടന്‍ ഷാരൂഖ് ഖാനെ മധ്യസ്ഥനാക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് നല്‍കിയ വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 മാര്‍ച്ചില്‍ ബാബ്‌രി തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയില്‍ ഷാരൂഖിനെ കൂടി ഉള്‍പ്പെടുത്താനാണ് ബോബ്ഡെ ആവശ്യപ്പെട്ടത്.
ബോബ്‌ഡെയുടെ നിര്‍ദേശപ്രകാരം കുടുംബ സുഹൃത്ത് കൂടിയായ ഷാരൂഖ് ഖാനുമായി സംസാരിച്ചിരുന്നുവെന്നും വികാസ് സിംഗ് വെളിപ്പെടുത്തി. മധ്യസ്ഥതയ്ക്ക് ഷാരൂഖ് ഖാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും മധ്യസ്ഥരുടെ നീക്കം മുന്നോട്ടു പോയില്ല.
ക്ഷേത്രത്തിന്റെ കല്ലിടല്‍ മുസ്ലിം സമുദായത്തിലെ വ്യക്തിയും മസ്ജിദിന്റേത് ഹിന്ദു മതത്തിലെ വ്യക്തിയും നടത്തണമെന്ന് ഷാരൂഖ് ഖാന്‍ താല്ർപര്യപ്പെട്ടിരുന്നതായും വികാസ് സിംഗ് പറയുന്നു.
പ്രശ്‌നപരിഹാരത്തിനായി 2019 മാര്‍ച്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചിരുന്നു. മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് ഉറച്ച നിലപാടായിരുന്നു ജസ്റ്റിസ് ബോബ്‌ഡെ.
വാദം കേള്‍ക്കലിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നപ്പോള്‍ ഷാരൂഖ് ഖാന് സമിതിയുടെ ഭാഗമാകാന്‍ കഴിയുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഖാന്റെ കുടുംബവുമായുള്ള എന്റെ ബന്ധം അദ്ദേഹത്തിനറിയാമായിരുന്നു. ഞാന്‍ ഖാനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു, അദ്ദേഹം അത് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അതു നടക്കാതെ പോയി-വികാസ് സിംഗ് പറഞ്ഞു.
ജസ്റ്റിസ് ബോബ്‌ഡെയുടെ സാന്നിധ്യത്തിലാണ് വികാസ് സിംഗിന്റെ വെളിപ്പെടുത്തല്‍. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എഫ്.എം.ഐ കലിഫുല്ല, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുള്‍പ്പെട്ടതായിരുന്നു മധ്യസ്ഥ സമിതി.