അഹമ്മദാബാദ്- ഗുജറാത്തിലെ വഡ്ഗാമിൽ ദളിത് നേതാവ് ജിഗ്നേഷ് മേവനിയുടേത് ത്രസിപ്പിക്കുന്ന ജയം. ബി.ജെ.പിയുടെ വിജയ് ചക്രവർത്തിയെയാണ് മേവാനി കാൽലക്ഷത്തോളം വോട്ടുകൾക്ക് തോൽപ്പിച്ചത്. കോൺഗ്രസിന്റെയും ആം ആദ്മിയുടെയും പിന്തുണയോടെയായിരുന്നു ജിഗ്നേഷ് മത്സരിച്ചത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് പാർട്ടി ജിഗ്നേഷിന് വിട്ടുകൊടുക്കുകയായിരുന്നു.
ഉനയിൽ ദളിത് യുവാക്കളെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിന് ശേഷമാണ് ശക്തമായ പ്രക്ഷോഭവുമായി ജിഗ്നേഷ് മേവാനി രംഗത്തെത്തിയത്. ഗുജറാത്തിലെ വിവിധ ദളിത് സംഘടനകളുടെ പിന്തുണയോടെ അസ്മിത യാത്ര നടത്തിയ മേവാനി ബ.ജെ.പിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് നടത്തിയത്.