ന്യൂദൽഹി- മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമർശങ്ങളെ ചൊല്ലി ലോകസഭയിൽ ബഹളം. കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തു വന്നത് നടപടികളെ തടസപ്പെടുത്തയതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. രാവിലെ സഭചേർന്ന് ആദ്യ മിനിറ്റുകളിൽ തന്നെ നടപടികൾ നീട്ടിവയ്‌ക്കേണ്ടി വന്നു. കോൺഗ്രസ് അംഗങ്ങൾ ഒന്നിച്ച് എഴുന്നേറ്റ് നിന്ന് വിഷയം ഉന്നയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഉയർത്തിക്കാട്ടി ഭരണകക്ഷി അംഗങ്ങളും രംഗത്തെത്തിയതോടെ സഭ ബഹളത്തിൽ മുങ്ങുകയായിരുന്നു.
സഭ വീണ്ടും ചേർന്നയുടൻ കോൺഗ്രസ് അംഗങ്ങൾ വീണ്ടും പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. എന്നാൽ എപ്പോഴും ഇതു മാത്രം ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞ് സ്പീക്കർ സുമിത്ര മഹാജൻ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. ഇതോടെ കോൺഗ്രസ് അംഗങ്ങൾ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തെത്തി പ്രതിഷേധിച്ചു. പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങളും വിളിച്ചു. മുൻ പ്രധാനമന്ത്രിയെ അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് അവർ പറഞ്ഞു. ബഹളത്തിനിടെ ബില്ല് അവതരണ നടപടികൾ പൂർത്തിയാക്കിയ സ്പീക്കർ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു.