ന്യൂദല്‍ഹി- രണ്ടു പതിറ്റാണ്ടു മുമ്പ് ആസുത്രണം ചെയ്ത മഹാരാഷ്ട്രയിലെ ജയ്താപൂര്‍ ആണവോര്‍ജ്ജ നിലയം നിര്‍മാണം വൈകാതെ ആരംഭിക്കുമെന്ന് ഫ്രഞ്ച് കമ്പനി. പ്രദേശ വാസികളുടേയും മനുഷ്യാവകാശ, ശിവസേനയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടേയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ഷങ്ങളായി മുടങ്ങിക്കിടുക്കുന്ന പദ്ധതിയാണിത്. 2011ല്‍ ജപ്പാനിലെ ഫുക്കുഷിമയില്‍ ആണവ ദുരന്തമായതോടെ ഈ നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായിരുന്നു. പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായി ഫ്രഞ്ച് ഊര്‍ജ്ജ കമ്പനി ഇഡിഎഫ് അറിയിച്ചു. ജയ്താപൂരില്‍ ആറ് മൂന്നാം തലമുറ ഇപിആര്‍ റിയാക്ടറുകളാണ് കമ്പനി സ്ഥാപിക്കുക. ഇതു പൂര്‍ത്തിയായാല്‍ 10 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും ഏഴു കോടി വീടുകള്‍ക്ക് ആവശ്യമായി വൈദ്യുതിയാണിത്.
നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 15 വര്‍ഷമെടുക്കും. എന്നാല്‍ വൈദ്യുതി ഉല്‍പ്പാദനം അതിനു മുമ്പുതന്നെ ആരംഭിക്കാന്‍ കഴിയും. വരും മാസങ്ങളും ഇതുസംബന്ധിച്ച കരാറുകള്‍ക്ക് അന്തിമ രൂപമാകുമെന്ന് ഇഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു. ആണവോര്‍ജ്ജ നിലയം പൂര്‍ണമായും നിര്‍മ്മിക്കുന്നത് ഈ കമ്പനിയല്ല. യുഎസ് പങ്കാളിയായ ജിഇ സ്റ്റീം പവര്‍ എന്ന കമ്പനി കൂടി ഉല്‍പ്പെടുന്നതാണ് കരാര്‍. ആണവ റിയാക്ടറുകളാണ് ഫ്രഞ്ച് കമ്പനി നല്‍കുക.