Sorry, you need to enable JavaScript to visit this website.

നിങ്ങളാണ് ഉത്തരവാദി, കോവിഡ് മരണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി-  ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കോവിഡ് രോഗികളുടെ മരണത്തിന് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയര്‍ന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
കൊറോണ ബാധിച്ചാല്‍ ഓക്‌സിജന്റെ അളവ് കുറയാന്‍ കാരണമാകുമെങ്കിലും ഓക്‌സിജന്‍ ക്ഷാമവും ഐസിയു കിടക്കകളുടെ അഭാവവുമാണ് നിരവധി മരണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളിലും രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ മരിച്ചത് 25 രോഗികളാണ്. ആശുപത്രിയില്‍ ഇനി രണ്ടുമണിക്കൂര്‍ നേരത്തേക്കുളള ഓക്‌സിജന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും 60ലേറെ രോഗികള്‍ അപകടത്തിലാണെന്നും രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്.

Latest News