ചണ്ഡിഗഡ്- ഹരിയാനയില്‍ മോഷ്ടിച്ച ബാഗിനുള്ളില്‍ കോവിഡ് വാക്‌സിനാണെന്ന് മനസ്സിലാക്കിയതോടെ ബാഗ് തിരിച്ചു നല്‍കി കള്ളന്‍. ബാഗിനൊപ്പം ഒരു കുറിപ്പും വെച്ചാണ് അജ്ഞാതനായ കള്ളന്‍ മടങ്ങിയത്. മോഷ്ടിക്കുന്ന സമയത്ത് ബാഗിനുള്ളില്‍ വാക്‌സിനാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ക്ഷമ ചോദിക്കുന്നെന്നുമാണ് കുറിപ്പില്‍ പറയുന്നത്. 'ക്ഷമിക്കണം, ഇത് കൊറോണയ്ക്കുള്ള മരുന്നുകളാണെന്ന് എനിക്ക് അറിയില്ലായിരുന്നു' ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
അതേസമയം ബാഗ് തിരികെ ഏല്‍പ്പിച്ചെങ്കിലും ആശുപത്രിയില്‍ കയറി മോഷണം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.ഹരിയാനയിലെ ജിന്ദ് ജനറല്‍ ആശുപത്രിയില്‍ നിന്നാണ് കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ ഡോസുകള്‍ സൂക്ഷിച്ച ബാഗ് മോഷണം പോയത്. ബുധനാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്. വാക്‌സിന്‍ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നടന്ന മോഷണമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. 1,270 കോവിഷീല്‍ഡ് വാക്‌സിനും 440 കോവാക്‌സിനുമാണ് നഷ്ടപ്പെട്ടിരുന്നത്.
കോവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാവുകയും വാക്‌സിന്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയ്ക്ക് ക്ഷാമം നേരിടുകയും ചെയ്യുന്ന വേളയിലാണ് കള്ളന്‍ മോഷ്ടിച്ച വാക്‌സിന്‍ തിരികെ നല്‍കിയിരിക്കുന്നത്.