ജയ്പൂര്‍- മൂന്നര പതിറ്റാണ്ടിനിടെ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടിയുടെ ജനനം ആഘോഷമാക്കി രാജസ്ഥാനില്‍ ഒരു കുടുംബം. നവജാത ശിശുവിനേയും അമ്മയേയും വീട്ടിലേക്ക് കൊണ്ടുവരാന്‍ ഹെലിക്കോപ്റ്റര്‍ ഏര്‍പ്പെടുത്തി ആഘോഷിച്ചതാണ് വാര്‍ത്തയായത്.
രാജസ്ഥാനിലെ നാഗൂര്‍ ജില്ലാ ആശുപത്രിയില്‍ ഹനുമാന്‍ പ്രജാപതിനും ഭാര് ചുകി ദേവിക്കും കഴിഞ്ഞ മാസമാണ് മകള്‍ പിറന്നത്. നേരത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന യുവതിയും കുഞ്ഞും പ്രസവത്തെ തുടര്‍ന്ന് ഹര്‍സോലാവ് ഗ്രാമത്തിലുള്ള സ്വന്തം വീട്ടിലേക്ക് പോയി.
ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള മടക്കം ആഘോഷിക്കാനാണ് ഹെലിക്കോപ്റ്റര്‍ ഏര്‍പ്പെടുത്തിയത്. കോപ്റ്ററിന് നാലര ലക്ഷം രൂപ ചെലവാക്കിയുള്ള ആഘോഷം നാട്ടില്‍ ചര്‍ച്ചയായി. കുടുംബം ഹെലിക്കോപ്റ്ററില്‍ സഞ്ചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു.
ഹനുമാനേയും മൂന്ന് ബന്ധുക്കളേയും കയറ്റി നിംബ്ഡിയില്‍നിന്നാണ് ഹെലിക്കോപ്റ്റര്‍ പുറപ്പെട്ടത്. ഹര്‍സോലാവ് ഗ്രാമത്തില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ച ശേഷം ഭാര്യയും കുഞ്ഞും ഹെലിക്കോപ്റ്ററില്‍ കയറി.
പേരമകളുടെ ജനനം ആഘോഷിക്കാനുള്ള തീരുമാനം തന്റെ അച്ഛന്റേതാണെന്ന് ഹനുമാന്‍ പ്രജാപത് പറഞ്ഞു. റിയ എന്നാണ് കുട്ടിക്ക് പേരു നല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ ജനനം ആഘോഷിക്കുന്നത്. പൊതുവെ കാണാറില്ലെന്നും ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ തന്നെ കാണണമെന്നും പ്രജാപത് പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവും പാടില്ല. മകള്‍ക്ക് നല്ല വിദ്യാഭ്യസം നല്‍കി അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.