ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തു. കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച പദ്ധതി അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.ഓക്‌സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്‌സിനേഷന്‍, ലോക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സര്‍ക്കാരുകളുടെ അധികാരം തുടങ്ങിയ വിഷയങ്ങളില്‍ ആണ് കോടതി സ്വമേധയാ കേസ് എടുത്തത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയെ കേസില്‍ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു.
കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഓക്‌സിജന്‍ വിതരണത്തില്‍ ഉണ്ടാക്കുന്ന വീഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ പാളിച്ചകള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അലഹബാദ് ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.മധ്യപ്രദേശ്, ബോംബെ, സിക്കിം ഹൈക്കോടതികളും കോവിഡ് സാഹചര്യവും ആയി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ്സുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റിയേക്കും എന്ന സൂചന ചീഫ് ജസ്റ്റിസ് നല്‍കി. വിരമിക്കുന്നതിനു മുമ്പുള്ള ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അവസാന പ്രവര്‍ത്തി ദിവസം ആണ് നാളെ.