മൊറാദാബാദ്- കോവിഡ് ബാധിച്ച് മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ മാറിയത് ആശുപത്രിയില്‍ പ്രതിഷേധത്തിനു കാരണമായി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഒടുവില്‍ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.
സംസ്‌കരിക്കുന്നതിന് തൊട്ടുമുമ്പ് മുഖം നോക്കിയപ്പോഴാണ് 61 കാരനായ രാം പ്രതാപിന്റെ മൃതദേഹമല്ല തങ്ങള്‍ക്ക് ലഭിച്ചതെന്ന് ബറേലി സ്വദേശികളായ കുടുംബത്തിനു മനസ്സിലായത്. അപരിചതന്റെ മൃതദേഹം കണ്ട ഞെട്ടലില്‍ അവര്‍ ആശുപത്രിയിലേക്ക് മടങ്ങി കുഴപ്പമുണ്ടാക്കി.
രാം പ്രതാപിന്റെ മൃതദേഹം രാംപൂര്‍ സ്വദേശിയായ നസീര്‍ അഹ്്മദിന്റെ കുടുംബത്തിനു നല്‍കിയിരിക്കയാണെന്ന് ആശുപത്രി അധികൃതര്‍ക്ക് പ്രാഥമിക പരിശോധനയില്‍തന്നെ വ്യക്തമായി.
കോവിഡ് ബാധിച്ച് ഒരു ദിവസത്തെ വ്യത്യാസത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും ഒരേ ദിവസമാണ് മരിച്ചത്.
മരണ വിവരമറിഞ്ഞ് നസീറിന്റെ രണ്ടു ബന്ധുക്കള്‍ ആശുപത്രയിലെത്തി മൃതദേഹം ഏറ്റുവാങ്ങി കൊണ്ടു പോയിരുന്നുവെന്ന് മൊറാദാബാദ് സിവില്‍ ലൈന്‍സ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.വി. സിംഗ് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടു പോയ മൃതദേഹത്തിന്റെ മുഖം നോക്കാതെ ഖബറടക്കുകയും ചെയ്തു.
മാറിക്കിട്ടിയ മൃതദേഹവുമായി ആശുപത്രിയിലെത്തിയ രാം പ്രതാപിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച പോലീസ് നസീറിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വിവരം അന്വേഷിക്കുകയായിരുന്നു. ഒടുവില്‍ ജില്ലാ അധികൃതരുടെ അനുമതി വാങ്ങി മൃതദേഹം പുറത്തെടുത്ത് രാംപ്രതാപിന്റെ കുടുംബത്തിനു നല്‍കി. നസീറിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും നല്‍കി.
ആശുപത്രി അധികൃതര്‍ ക്ഷമാപണം നടത്തിയതിനാല്‍ ഇരു കുടുംബങ്ങളും പരാതിയൊന്നും നല്‍കാതെ മടങ്ങിയെന്ന് മൊറാദാബാദ് റെയ്ഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശലഭ് മാഥൂര്‍ പറഞ്ഞു.